ചെന്നൈ : ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 432 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ടീമിന് മികച്ച ലീഡ് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ബംഗ്ലാദേശ് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്കോർ 200- കടത്തി.
86 റണ്‍സുമായി ഗില്ലും 82 റണ്‍സുമായി പന്തുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരാണ് പുറത്തായത്. 227 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സ് ഉയര്‍ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് പുറത്താക്കിയിരുന്നു.
നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.
Be the first to comment