ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ പ്രവര്‍ത്തനം നിര്‍ത്തുന്നു. എക്‌സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്‌സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്. ‘മഞ്ഞക്കിളി വിട പറയുന്നു’ എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ലിങ്ക്ഡ്ഇനിലൂടെയാണ് കൂവിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതായി സ്ഥാപകര്‍ അറിയിച്ചത്. ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുമായി പങ്കാളിത്തത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിചാരിച്ച ഫലം ലഭിച്ചില്ല. പ്ലാറ്റ്ഫോം പൊതുജനങ്ങള്‍ക്കുള്ള സേവനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും അറിയിച്ചു.
ആപ്പ് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കിലും സോഷ്യല്‍ മീഡിയ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചെലവ് വര്‍ധിച്ചത് അടക്കമുള്ള കാര്യങ്ങളാണ് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. വളര്‍ച്ചയുടെ പാരമ്യത്തില്‍ ദിവസേന 21 ലക്ഷം സജീവ ഉപയോക്താക്കളും പ്രതിമാസം ഒരു കോടി സജീവ ഉപയോക്താക്കളും വിവിധ മേഖലകളില്‍ നിന്നുള്ള 9000 പ്രമുഖരും ഇടപെടുന്ന തലത്തിലേക്ക് കൂ മുന്നേറിയിരുന്നു.
‘2022ല്‍ ഇന്ത്യയില്‍ ട്വിറ്ററിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ മാസങ്ങള്‍ മാത്രം അകലെയായിരുന്നു. മൂലധനം ഞങ്ങളുടെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കുമായിരുന്നു’- ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു. 2021ല്‍ ട്വിറ്ററും (ഇപ്പോള്‍ എക്‌സ്) കേന്ദ്രസര്‍ക്കാരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കൂവിന്റെ ജനപ്രീതി ഇന്ത്യയില്‍ വര്‍ധിച്ചത്.
Be the first to comment