ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് ( ഐഎസ്ആര്‍ഒ ) അതിന്റെ വര്‍ഷാവസാന ദൗത്യമായ ‘സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ് (സ്പേഡെക്സ്)’ വിജയകരമായി പരീക്ഷിച്ചു ഇന്ന് രാത്രി 10.00 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റര്‍ (എസ്ഡിഎസ്സി) ഷാറില്‍ നിന്ന് പിഎസ്എല്‍വി-സി60 ഉപയോഗിച്ചായിരുന്നു വിക്ഷേപണ ദൗത്യം. രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങള്‍ ഉപയോഗിച്ച് ഇന്‍-സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കിയാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബ്ബിലേക്ക് ഇന്ത്യയും പ്രവേശിച്ചു.
മറ്റ് ഐഎസ്ആര്‍ഒ കേന്ദ്രങ്ങളുടെ (വിഎസ്എസ്സി, എല്പിഎസ്സി, എസ്എസി, ഐഐഎസ്യു, എല്‍ഇഒഎസ്) പിന്തുണയോടെ യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ (യുആര്‍എസ്സി) ആണ് സ്പേഡെക്സ് ബഹിരാകാശ പേടകം രൂപകല്പന ചെയ്യുകയും യാഥാര്‍ഥ്യമാക്കുകയും ചെയ്തത്. എല്ലാ പരിശോധനകളും അനുമതികളും പൂര്‍ത്തിയാക്കിയാണ് പേടകം യുആര്എസ്സിയില് നിന്ന് എസ്ഡിഎസ്സിയിലേക്ക് മാറുകയും വിക്ഷേപണം നടത്തുകയും ചെയ്തത്.
എന്താണ് സ്പേസ് ഡോക്കിങ്?
മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്.
സ്പേസ് ഡോക്കിങ്
ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്. ബഹിരാകാശനിലയ ക്രൂ എക്സ്ചേഞ്ച്, ബഹിരാകാശനിലയങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയ നിര്‍ണായക ജോലികള്‍ക്ക് ഈ സാങ്കേതികവിദ്യകള്‍ ഇല്ലാതെ പറ്റില്ല. അതുപോലെ ഗ്രഹാന്തര പര്യവേക്ഷണം, ആകാശഗോളങ്ങളില്‍നിന്നുള്ള സാമ്പിള്‍ ശേഖരണം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ദൗത്യങ്ങള്‍ക്കും ഇവ അനിവാര്യം. ഭൂമിയില്‍നിന്ന് ബഹിരാകാശയാത്രികര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ പേടകം സ്റ്റേഷനില്‍ കൃത്യമായി ഡോക്ക് ചെയ്യണം. ഇത് ക്രൂവിന്റെയും ചരക്കുകളുടെയും സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കുന്നു.
രണ്ടു പേടകങ്ങളുടെ കൂടിച്ചേരലാണ് ഡോക്കിങ്ങെങ്കില് ബെര്‍ത്തിങ് അല്‍പ്പം വ്യത്യസ്തമാണ്. ഒരു ബഹിരാകാശ പേടകത്തിലെ റോബോട്ടിക് കൈ ഉപയോഗിച്ച് മറ്റൊരു പേടകത്തെയോ ഒരു മൊഡ്യൂളിനെയോ വാഹനത്തെയോ പിടിച്ചെടുക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പ്രക്രിയയില്‍ സംഭവിക്കുന്നത്. ഉദാഹരണത്തിന്, സ്പേസ് എക്സ് ഡ്രാഗണ്‍ പേടകം കനാഡാം2 റോബോട്ടിക് കൈ ഉപയോഗിച്ച് രാജ്യാന്തര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്കു ബെര്‍ത്ത് ചെയ്ത സംഭവം.
സ്പേസ് ബെര്‍ത്തിങ്
ചന്ദ്രോപരിതലത്തില്‍നിന്നു പാറയും മണ്ണും ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായി 2027ല്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍-4 ഉം 2028 ഓടെ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയ(ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്)ത്തിന്റെ ആദ്യ ഘട്ടവും ഐഎസ്ആര്‍ഒയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ഇതിനു മുന്നോടിയായാണു ഡോക്കിങ് സാങ്കേതികവിദ്യ പരീക്ഷിച്ചത്.
ചാന്ദ്രഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിങ്, അണ്‍ഡോക്കിങ് പ്രവര്‍ത്തനങ്ങള്‍ ചന്ദ്രയാന്‍-4 ദൗത്യത്തിന്റെ വലിയ പ്രത്യേകതയാണ്. അഞ്ച് മൊഡ്യൂളുകള്‍ അടങ്ങുന്ന രണ്ട് ഭാഗങ്ങളായാണു ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ടു തവണയായി വിക്ഷേപിക്കുന്ന ദൗത്യത്തിന്റെ രണ്ടു ഭാഗവും ചന്ദ്രോപരിതലത്തില്‍വച്ച് കൂടിച്ചേരുകയും സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനായി വീണ്ടും വേര്‍പെടുകയും ചെയ്യും. സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള അസെന്‍ഡര്‍, ഡിസെന്‍ഡര്‍ മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്നതാണു ദൗത്യത്തിന്റെ ഒന്നാം ഭാഗം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ശേഖരിച്ച സാമ്പിളുകള്‍ സ്വീകരിക്കുന്നതിനുള്ള ട്രാന്‍സ്ഫര്‍ മൊഡ്യൂള്‍, സാമ്പിളുകള്‍ ഭൂമിയിലേക്കു തിരികെ കൊണ്ടുവരുന്നതിനുള്ള റീ-എന്‍ട്രി മൊഡ്യൂള്‍ എന്നിവ ഉള്‍പ്പെടുന്നതാണു രണ്ടാം ഭാഗം.
ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ കാര്യത്തിലും ഡോക്കിങ് സാങ്കേതികവിദ്യ നിര്‍ണായകമാണ്. പല ഘട്ടങ്ങളായി വിക്ഷേപിക്കുന്ന വ്യത്യസ്ത മൊഡ്യൂളുകള്‍ ബഹിരാകാശത്തുവച്ച് സംയോജിപ്പിച്ചാണ് ബഹിരാകാശനിലയം യാഥാര്‍ഥ്യമാക്കുക. 52 ടണ്‍ വരുന്ന ഭാരതീയ അന്തരിക്ഷ് ബഹിരാകാശ നിലയം ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ മുകളിലാണു ഭ്രമണം ചെയ്യുക.
സ്പേഡെക്സ്
സ്പേഡെക്സ് (സ്പേസ് ഡോക്കിങ് എക്സിപിരിമെന്റ്) എന്നാണ് ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണദൗത്യത്തിന്റെ പേര്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ സുപ്രധാന ചുവടുവെയ്പ്പായി, ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ സ്വയം നിയന്ത്രണത്തിലൂടെ സംയോജിക്കുന്ന കഴിവ് പ്രകടിപ്പിക്കുകയാണ് സ്പേഡെക്സ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
400 കിലോ ഗ്രാം വീതം വരുന്ന ടാര്‍ഗറ്റ്, ചേസര്‍ എന്നീ രണ്ട് പേടകങ്ങളെയാണു ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നത്. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയായ അനന്ത് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിക്ഷേപണത്തിനായി ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചത്. പിഎസ്എല്‍വി-സി 60 റോക്കറ്റില്‍ അല്‍പ്പം വ്യത്യാസമുള്ള രണ്ട് ഭ്രമണപഥങ്ങളില്‍ ഒറ്റത്തവണയായി വിക്ഷേപിക്കുന്ന ഇരു ഉപഗ്രഹങ്ങളും 700 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഡോക്ക് ചെയ്യുക.
മണിക്കൂറില്‍ ഏകദേശം 28,000 കിലോമീറ്റര്‍ (സെക്കന്‍ഡില്‍ എട്ടു മണിക്കൂര്‍) വേഗതയില്‍ പരസ്പരം സമീപിക്കുമ്പോഴാണു ഉപഗ്രഹങ്ങള്‍ ‘സ്പേസ് ഹാന്‍ഡ്ഷേക്ക്’ നടത്തി ഒറ്റ യൂണിറ്റായി മാറുക. അതിവേഗത്തില്‍ വരുന്നതിനാല്‍ പേടകങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുകയെന്നത് അതീവ ശ്രമകരമാണ്. ഡോക്ക് ചെയ്യുന്ന പേടകങ്ങള്‍ അധിക ജോലികള്‍ ചെയ്യാനായി പിന്നീട് വേര്‍പിരിയും.
സ്പേസ് ഡോക്കിങ് ചരിത്രം
ബഹിരാകാശ ഡോക്കിങ് ചരിത്രത്തിന്റെ വേരുകള്‍ നീളുന്നതു ശീതയുദ്ധകാലത്തേക്കാണ്. 1967 ഒക്ടോബര്‍ 30-നു സോവിയറ്റ് യൂണിയനാണ് ആദ്യ ഡോക്കിങ് നടത്തിയത്. കോസ്മോസ് 186, കോസ്മോസ് 188 ആളില്ലാ ബഹിരാകാശവാഹനങ്ങള്‍ തമ്മിലുള്ള പൂര്‍ണ ഓട്ടോമേറ്റഡ് ഡോക്കിങ്ങായിരുന്നു അത്. ബഹിരാകാശ നിലയങ്ങളില്‍ ദീര്‍ഘകാല താമസം ഉള്‍പ്പെടെയുള്ള പിന്നീടുള്ള ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങള്‍ക്കു വഴിയൊരുക്കിയൊരുക്കിയത് ഈ സംഭവമായിരുന്നു. 1975-ല്‍ അപ്പോളോ-സോയൂസ് പരീക്ഷണ പദ്ധതിയിലൂടെയായിരുന്നു ഡോക്കിങ് സാങ്കേതികവിദ്യയിലേക്കുള്ള അമേരിക്കയുടെ രംഗപ്രവേശം. നാസയും സോവിയറ്റ് ബഹിരാകാശ ഏജന്‍സിയും ഒത്തുചേരുന്ന ആദ്യത്തെ ഡോക്കിങ്ങായിരുന്നു അത്. ശീതയുദ്ധകാലത്തെ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ യുഗം അടയാളപ്പെടുത്തുന്നതായിരുന്നു ഈ സംഭവം.
റഷ്യയ്ക്കും അമേരിക്കയ്ക്കുമൊടുവില്, ഈ രംഗത്തേക്കു മൂന്നാമതൊരു ശക്തിയായി ചൈനയും വന്നുചേര്‍ന്നു. ചൈനയുടെ ബഹിരാകാശ നിലയമായ തിയാന്ഗോങ്ങിലേക്കുള്ള യാത്രകള്‍ക്കും ഗ്രഹാന്തര പര്യവേഷണങ്ങളിലും ഇന്ന് പ്രധാന ഘടകമാണ് ഡോക്കിങ് സാങ്കേതികവിദ്യ. ഈ നിരയിലേക്കാണ് നാലാമതായി ഇന്ത്യ കടന്നുവരുന്നത്. ആദ്യകാലത്ത് ഡോക്കിങ് പ്രക്രിയയില്‍ പേടകങ്ങളില്‍ സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികരില്‍നിന്നുള്ള പ്രവര്‍ത്തനം ആവശ്യമായിരുന്നു. ഇന്നിപ്പോള്‍ പേടകങ്ങള്‍ സ്വയം നിയന്ത്രണത്തിലൂടെ ഡോക്കിങ് നടത്തുന്നതിലേക്കു സാങ്കേതികവിദ്യ വളര്‍ന്നു. ചെലവ് കുറഞ്ഞതാണന്നതാണ് ഇന്ത്യയുടെ സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യയെ വ്യത്യസ്തമാക്കുന്നത്.
ഉപഗ്രഹങ്ങളുടെ കാര്യത്തിലും വലിയനേട്ടം
സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യയ്ക്കു ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ വലിയനേട്ടം കൊയ്യാനാവും. വളരെ ചെലവേറിയതാണ് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍. പ്രൊപ്പല്‍ഷന്‍ യൂണിറ്റുകളിലെ ഇന്ധനം തീരുന്നതിനനുസരിച്ച് എട്ടു മുതല്‍ 10 വര്‍ഷം വരെയാണ് ഇത്തരം ഉപഗ്രഹങ്ങളുടെ ആയുസ്. സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ കൈവരിക്കുന്നതിലൂടെ പ്രൊപ്പല്‍ഷന്‍ യൂണിറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ പ്രാപ്തമാകും. അത് ഉപഗ്രഹങ്ങളുടെ ആയുസ് കൂട്ടാന്‍ സഹായിക്കും.
Be the first to comment