ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി: കിരീടം നിലനിർത്തി ഇന്ത്യ; ചൈനയെ തകർത്തത് ജുഗ്‌രാജിന്റെ ഗോളില്‍

ഏഷ്യൻചാമ്പ്യൻസ്‌ ട്രോഫി ഹോക്കി കിരീടം നിലനിർത്തി ഇന്ത്യ. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. നാലാം ക്വാർട്ടറില്‍ ജുഗ്‌രാജ് സിങ് നേടിയ ഗോളാണ് ഇന്ത്യയെ ജേതാക്കളാക്കിയത്. ടൂർണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ചാമ്പ്യന്മാരാകുന്നത്.

സെമി ഫൈനലില്‍ തെക്കൻ കൊറിയയെ 4-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് (2), ഉത്തം സിങ്, ജർമൻപ്രീത് സീങ് എന്നിവരാണ് സ്കോർ ചെയ്തത്. കൊറിയക്കായി യാങ് ജിഹൂനാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ആദ്യ ക്വാർട്ടറിന്റെ 13-ാം മിനുറ്റില്‍ ഉത്തം സിങ്ങിലൂടെയായിരുന്നു ഇന്ത്യ ലീഡ് നേടിയത്. പെനാലിറ്റി കോർണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് 19-ാം മിനുറ്റില്‍ സ്കോർ ചെയ്തത്. മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തില്‍ തന്നെ ജർമൻപ്രീത് സിങ്ങിലൂടെ ലീഡ് മൂന്നാക്കി ഇന്ത്യ ഉയർത്തി.

ഇന്ത്യയുടെ മൂന്നാം ഗോള് വീണതിന് തൊട്ടുപിന്നാലെ യാങ് ജിഹൂനിലൂടെ കൊറിയ ഒരു ഗോള്‍ മടക്കി. എന്നാല്‍, 45-ാം മിനുറ്റില്‍ ഹർമൻപ്രീത് തന്റെ വീണ്ടും സ്കോർ ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. പരാജയം രുചിക്കാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്.

ടൂർണമെന്റിലുട നീളം വ്യക്തമായ ആധിപത്യം പുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകർത്തത്. ശേഷം ജപ്പാനെ 5-1 എന്ന സ്കോറില്‍ കീഴടക്കി.

മലേഷ്യക്കെതിരെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം. കൊറിയയെ 3-1നും പരാജയപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*