അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനുമായി വേർപിരിഞ്ഞ് ഇന്ത്യ ; ഇനി വേള്‍ഡ് ബോക്സിങ്ങിനൊപ്പം

 

സസ്പെന്‍ഡ് ചെയ്യപ്പെട്ട അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനുമായി (ഐബിഎ) വേർപിരിഞ്ഞ് ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ്ഐ). പകരം പുതുതായി ആരംഭിച്ച ബോക്സിങ് വേള്‍ഡിനൊപ്പം ചേർന്നു. ഐബിഎയുടെ ഭരണം, സാമ്പത്തിക ക്രമീകരണം എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2019ല്‍ ഇത് ഐബിഎയുടെ അംഗീകാരം ഇല്ലാതാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ ബോക്സിങ് ഉള്‍പ്പെടുത്തുന്നത് ദേശീയ ഫെഡറേഷനുകളുടെ നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്ന് ഐഒസി വ്യക്തമാക്കിയിരുന്നു.

ബോക്സിങ്ങിന്റെ നിലനില്‍പ്പിന് ഒളിമ്പിക്സില്‍ ഭാഗമാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ബിഎഫ്ഐ പ്രസിഡന്റ് അജയ് സിങ്ങിന്റെ പ്രതികരണം. ആഗോളതലത്തില്‍ ബോക്സർമാരുടെ ഭാവി സുരക്ഷിതമാക്കാന്‍ വേള്‍ഡ് ബോക്സിങ്ങിന് കഴിയുമെന്നാണ് ആത്മവിശ്വാസമെന്നും അജയ് സിങ് വ്യക്തമാക്കി. മുന്‍ ഐബിഎ പ്രസിഡന്റ് സ്ഥാനാർഥിയായ ബോറിസ് വാന്‍ ഡെർ വോർസ്റ്റിന്റെ നേതൃത്വത്തില്‍ 2023ലാണ് വേള്‍ ബോക്സിങ് രൂപപ്പെടുന്നത്. ഒളിമ്പിക്സിന്റെ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കാനും ബോക്സിങ്ങിന്റെ സാന്നിധ്യം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന അവകാശവാദം സംഘടന ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി തന്നെ ഐഒസിയുമായി സംഘടന ചർച്ച ആരംഭിച്ചിട്ടുണ്ട്.

 

അംഗത്വ അപേക്ഷ ബിഎഫ്ഐയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ചുകഴിഞ്ഞു. ഇനി വേള്‍ഡ് ബോക്സിങ്ങിന്റെ എക്സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം ലഭിച്ചാല്‍ മതിയാകും. ഇന്ത്യ ഭാഗമാകുന്നതോടെ ഏഷ്യയില്‍ വേള്‍ഡ് ബോക്സിങ്ങിന് വിശ്വാസയോഗ്യമായ ഭരണസമിതി എന്ന നിലയില്‍ സാന്നിധ്യം ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. 2024 പാരിസ് ഒളിമ്പിക്സിലും ഐഒസിയായിരിക്കും ബോക്സിങ്ങിന്റെ മേല്‍നോട്ടം വഹിക്കുക. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഐബിഎയുടെ ഇടപെടലില്ലാതെ ബോക്സിങ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. കായികമേഖലയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സുതാര്യമായ ഒരുഭരണസമിതി എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ഐഒസിയുടെ നടപടി തെളിയിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*