മില്ലർ.. കില്ലറായി ;ഇന്ത്യയെ 7 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

ന്യൂഡൽഹി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 7 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കിനിൽക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രോട്ടീസ് മറികടന്നു. ട്വന്റി 20-യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന റൺചേസാണിത്. തോൽവിയോടെ തുടർച്ചയായ 13 ജയങ്ങൾ നേടി റെക്കോഡിടാമെന്ന ഇന്ത്യയുടെ മോഹം പാഴായി. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഋഷഭ് പന്തിന്റെ അരങ്ങേറ്റം തോൽവിയോടെയായി.തകർത്തടിച്ച ഡേവിഡ് മില്ലറും റാസ്സി വാൻഡെർ ദസ്സനുമാണ് ഇന്ത്യയിൽ നിന്നും ജയം തട്ടിയെടുത്തത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി പുറത്തെടുത്ത ഫോം തുടർന്ന മില്ലർ 31 പന്തിൽ നിന്ന് 5 സിക്സും 4 ഫോറുമടക്കം 64 റൺസോടെ പുറത്താകാതെ നിന്നു. നിലയുറപ്പിക്കാൻ സമയമെടുത്ത വാൻഡെർ ദസ്സൻ 45 പന്തിൽ നിന്ന് 5 സിക്സും 7 ഫോറുമടക്കം 75 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 63 പന്തിൽ നിന്ന് 131 റൺസാണ് പ്രോട്ടീസ് സ്കോറിലേക്ക് ചേർത്തത്. വ്യക്തിഗത സ്കോർ 29-ൽ നിൽക്കേ ദസ്സൻ നൽകിയ ക്യാച്ച് ശ്രേയസ് അയ്യർ കൈവിട്ടതിന് ഇന്ത്യയ്ക്ക് വലിയ വില നൽകേണ്ടി വന്നു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0). 212 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. 10 റൺസെടുത്ത ക്യാപ്റ്റൻ ടെംബ ബവുമയെ മടക്കി ഭുവനേശ്വർ കുമാർ ആദ്യ വെടിപൊട്ടിച്ചു. എന്നാൽ തുടർന്നെത്തിയ ഡ്വെയ്ൻ പ്രെറ്റോറിയസ് നിലയുറപ്പിക്കാൻ ബുദ്ധിമുട്ടിയ ക്വിന്റൺ ഡിക്കോക്കിനെ കാഴ്ചക്കാരനായി അടിച്ചുതകർത്തു. 13 പന്തിൽ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 29 റൺസുമായി പ്രെറ്റോറിയസ് മടങ്ങിയപ്പോഴേക്കും ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരികെയെത്തിയിരുന്നു.ഡിക്കോക്ക് പുറത്തായതിനു പിന്നാലെ ക്രീസിൽ ഒന്നിച്ച ഡേവിഡ് മില്ലർ – റാസ്സി വാൻഡെർ ദസ്സൻ സഖ്യം ഇന്ത്യൻ ബൗളർമാരെ നിലം തൊടാതെ പറത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. 48 പന്തിൽ നിന്ന് മൂന്ന് സിക്സും 11 ഫോറുമടക്കം 76 റൺസെടുത്ത ഓപ്പണർ ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ്സ്കോറർ. ഐപിഎല്ലിൽ കാര്യമായി തിളങ്ങാൻ സാധിക്കാത്തതിന്റെ കേടുതീർക്കുന്ന തുടക്കമാണ് കിഷൻ മത്സരത്തിൽ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഋതുരാജ് ഗെയ്ക്വാദും കിഷനും ചേർന്ന് 38 പന്തിൽ നിന്ന് 57 റൺസടിച്ച് നന്നായി തുടങ്ങി. 15 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 23 റൺസെടുത്ത ഋതുരാജിനെ മടക്കി വെയ്ൻ പാർനലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ ശ്രേയസ് അയ്യർ ടീമിന്റെ റൺറേറ്റ് പത്തിൽ താഴാതെ കാത്തു. രണ്ടാം വിക്കറ്റിൽ തകർത്തടിച്ച ശ്രേയസ് – കിഷൻ സഖ്യം 80 റൺസാണ് സ്കോർ ബോർഡിലെത്തിച്ചത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ശ്രേയസിന് പക്ഷേ 17-ാം ഓവറിൽ ഡ്വെയ്ൻ പ്രെറ്റോറിയസിന് മുമ്പിൽ പിഴച്ചു. 27 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 36 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റന് ഋഷഭ് പന്തും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മോശമാക്കിയില്ല. തകർത്തടിച്ച ഇരുവരും അധിവേഗം 46 റൺസ് കൂട്ടിച്ചേർത്തു. 16 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 29 റൺസെടുത്ത പന്ത് അവസാന ഓവറിൽ പുറത്തായി. ഹാർദിക് വെറും 12 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 31 റൺസോടെ പുറത്താകാതെ നിന്നു.

Be the first to comment

Leave a Reply

Your email address will not be published.


*