
വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടാണ് കനത്ത തോൽവി ഏറ്റുവാങ്ങിയത്. 58 റൺസിനായിരുന്നു തോൽവി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു.
15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തുടക്കം മുതൽ ഇന്ത്യ തകർച്ചയിലായിരുന്നു. രണ്ട് റൺസ് എടുത്തു നിൽക്കെയാണ് ഓപ്പണർ ഷഫാലി വർമയെ നഷ്ടപ്പെടുന്നത്. തുടർന്ന് അങ്ങോട്ട് കിവീസ് ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ടീമിനായില്ല.
സ്മൃതി മന്ഥന (12), ജമീമ റോഡ്രിഗസ് (13), റിച്ച ഘോഷ് ( 12), ദീപ്തി ശർമ (18 പന്തിൽ 13) എന്നിവർ ആണ് രണ്ടക്കം കണ്ടത്. ഷഫാലി വർമ (2), അരുദ്ധതി റെഡ്ഡി (1), പൂജ വസ്ത്രകാർ (8), ശ്രേയങ്ക പാട്ടീൽ (7), രേണുക ഠാക്കൂർ സിങ് (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. മലയാളി താരം ആശ ശോഭന 10 പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മേരി മെയ്‌റാണ് ഇന്ത്യയെ തകർത്തത്. ലീ തഹൂഹു നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്നും ഈഡൻ കേഴ്സൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ മെച്ചപ്പെട്ട സ്കോറിൽ എത്തിച്ചത് ക്യാപ്റ്റൻ സോഫി ഡിവൈനാണ്. 36 പന്തുകൾ നേരിട്ട സോഫി ഡിവൈൻ ഏഴു ഫോറുകൾ സഹിതമാണ് 57 റൺസെടുത്തത്. ഇന്ത്യയ്ക്കായി മലയാളി താരം ആശ ശോഭന നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
Be the first to comment