റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്ടും ഇന്ത്യയില്‍ നിർമിക്കാന്‍ ജാഗ്വാർ ലാന്‍ഡ് റോവർ

ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാന്‍ഡ് റോവർ (ജെഎല്‍ആർ) ഐക്കോണിക്ക് മോഡലുകളായ റേഞ്ച് റോവറിന്റേയും റേഞ്ച് റോവർ സ്പോർട്ടിന്റേയും നിർമാണം രാജ്യത്ത് ആരംഭിക്കാനൊരുങ്ങുന്നു. മോഡലുകളുടെ 54 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുകെയ്ക്ക് പുറത്ത് നിർമാണം. പ്രാദേശിക നിർമാണം വാഹനങ്ങളുടെ വിലയില്‍ 18-22 ശതമാനം വരെ കുറവിന് കാരണമാകുമെന്നാണ് വാർത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. റേഞ്ച് റോവർ ഇന്ത്യയില്‍ നിർമാണം ആരംഭിക്കുന്നുവെന്ന കാര്യം അഭിമാനം നല്‍കുന്ന ഒന്നാണെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

നിർമാണം ആരംഭിക്കുന്നതോടെ രാജ്യത്ത് വില്‍പ്പനയിലും കുതിപ്പുണ്ടാകുമെന്നതില്‍ തനിക്ക് ആത്മവിശ്വാമുണ്ടെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേർത്തു. പ്രാദേശികമായിട്ടുള്ള ഉല്‍പ്പാദനം കമ്പനിയുടെ സുപ്രധാന ചുവടുവെപ്പാണെന്നും കൂടുതല്‍ ഉപയോക്താക്കളിലേക്ക് വാഹനമെത്തിക്കുന്നതിനും കാരണമാകുമെന്ന് ഇന്ത്യയിലെ ജെഎല്‍ആ മാനേജിങ് ഡയറക്ടർ രാജന്‍ അംബ പിടിഐയോട് പ്രതികരിക്കവെ പറഞ്ഞു. പ്രീമിയം കാറുകളുടെ സ്വീകാര്യത ഇന്ത്യയില്‍ ഉയരുന്നതിന്റെ സൂചനകൂടിയാണിത്. വിലയിലുണ്ടാകുന്ന കുറവ് കൂടുതല്‍ വാഹനം അഫോഡബിളാക്കുമെന്നും വില്‍പ്പന വർധിപ്പിക്കുമെന്നും രാജന്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 81 ശതമാനം വർധനവാണ് വില്‍പ്പനയില്‍ ജെഎല്‍ആർ ഇന്ത്യ കൈവരിച്ചത്. 4,436 യൂണിറ്റുകള്‍ വിറ്റഴിഞ്ഞു. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളില്‍ ബിസിനസ് ഇരട്ടിപ്പിക്കുക എന്നതാണ് ലക്ഷ്യം. ടാറ്റ ഗ്രൂപ്പിന്റെ എക്കോസിസ്റ്റം ഉപയോഗപ്പെടുത്തി നൂതന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. അടുത്ത നാല് വർഷത്തിനുള്ളില്‍ ആറ് ഇലക്ട്രിക്ക് വാഹനങ്ങള്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് രാജന്‍ വ്യക്തമാക്കി.

നിലവില്‍ റേഞ്ച് റോവർ സ്പോർട്ടിന് 1.9 കോടി രൂപയാണ് വില. ഓഗസ്റ്റില്‍ വിപണിയിലെത്തുന്ന വാഹനങ്ങള്‍ക്ക് 1.4 കോടി രൂപയായിരിക്കും വില. 3.3 കോടി രൂപയുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫി വാഹനം 2.6 കോടി രൂപയ്ക്ക് ഈ മാസം അവസാനം മുതല്‍ ലഭ്യമാകും. പ്രാദേശിക ഉല്‍പ്പാദനം വാഹനം ഓർഡർ ചെയ്തതിന് ശേഷമുള്ള കാലതാമസവും കുറയ്ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*