ഫൈനലുറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ; മത്സരത്തിന് മഴഭീഷണി

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. കുട്ടിക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. മത്സരത്തിന് മഴഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകള്‍. മത്സരദിനത്തിലുടനീളം 29 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില. എങ്കിലും ഇടിമിന്നലോടുകൂടിയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്.

മഴ ഇന്ത്യക്ക് ഭയക്കേണ്ടതില്ല, പക്ഷേ ഇംഗ്ലണ്ടിനങ്ങനെയല്ല. മഴപെയ്യുകയാണെങ്കില്‍ മത്സരം പൂർത്തീകരിക്കുന്നതിനായി 250 മിനുറ്റ് അധികസമയം ഐസിസി അനുവദിച്ചിട്ടുണ്ട്. മഴമൂലം കളി ഉപേക്ഷിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കും. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോല്‍വി അറിഞ്ഞിട്ടില്ല ഇന്ത്യ. മറുവശത്ത് ഇംഗ്ലണ്ട് സൂപ്പർ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിലാണ് ഫിനിഷ് ചെയ്തത്.

സെമിയിലേക്ക് ഇന്ത്യ കടക്കുമ്പോള്‍ ആശങ്കയായി തുടരുന്നത് നിശബ്ദത പാലിക്കുന്ന വിരാട് കോഹ്ലിയുടെ ബാറ്റ് മാത്രമാണ്. ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 66 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. നാല് കളികളില്‍ രണ്ടക്കം കടന്നില്ല. രണ്ട് തവണ റണ്ണെടുക്കാതെയായിരുന്നു മടക്കം. കോഹ്ലിയുടെ ഫോം ആശങ്കയല്ലെന്ന് നായകൻ രോഹിത് പറയുമ്പോള്‍ പരീക്ഷണം പാളിയെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മോശമല്ലാത്ത റെക്കോഡ് കോഹ്ലിക്കുണ്ട്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിനെതിരെ 90 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു അർധ സെഞ്ചുറിയുമുണ്ട് കോഹ്ലിയുടെ പേരില്‍. മറുവശത്ത് രോഹിത് ശർമ ഫോമിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് ആശ്വാസം പകരും. 41 പന്തില്‍ 92 റണ്‍സെടുത്ത രോഹിതിന്റെ ഇന്നിങ്സായിരുന്നു ഓസ്ട്രേലിയക്കെതിരായ ജയത്തില്‍ നിർണായകമായത്. ബൗളിങ്ങിലും ബാറ്റിങ്ങിലും മറ്റ് ആശങ്കകള്‍ ഇന്ത്യയ്ക്കില്ല. ടോസ് തന്നെയാകും നിർണായകം.

ലോകകപ്പില്‍ ഗയാനയില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്തവർക്കൊപ്പമായിരുന്നു ജയം. ഗയാനയില്‍ ഏറ്റവും ഉയർന്ന പവർപ്ലെ റണ്‍റേറ്റ് 6.4 ആണ്. മധ്യ ഓവറുകളില്‍ ഇത് 5.5 ആയി ഇടിയും. ഡെത്ത് ഓവറുകളില്‍ 7.6 ആയും വർധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ലൊ സ്കോറിങ് മത്സരത്തിനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.

ടീം തിരഞ്ഞെടുപ്പിലാണ് ഇംഗ്ലണ്ടിന്റെ ആശങ്കകള്‍, പ്രത്യേകിച്ചു ബൗളിങ്ങ് നിരയില്‍. ബൗളിങ്ങ് ലൈനപ്പിലേക്ക് ക്രിസ് ജോർദാന്റെ പരിചയസമ്പത്ത് ഉപയോഗിക്കണൊ മാർക്ക് വുഡിന്റെ പേസിനാണൊ പരിഗണന നല്‍കേണ്ടതെന്നതില്‍ ഇംഗ്ലണ്ടിന് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. മൊയീൻ അലിയും ലിയാം ലിവിങ്‌സ്റ്റണും ആദ്യ ഇലവനിലുണ്ടായേക്കും. ശിവം ദുബെയേയും ഋഷഭ് പന്തിനേയും പിടിച്ചുകെട്ടുന്നതില്‍ ഇരുവരും നിർണായകമായേക്കും.

മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കാൻ കെല്‍പ്പുള്ള ജോസ്‌ ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ഭൂരിഭാഗം പേരും ഐപിഎല്ലിന്റെ ഭാഗമായതിനാല്‍ തന്നെ ഇന്ത്യൻ ബൗളിങ് നിരയെ നേരിട്ട പരിചയവുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*