ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ; നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നിർണായകമായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയരുടെ വിജയം.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.  ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ചുറി നേടി.

40-0 എന്ന നിലയില്‍ നാലാം ദിനം പുനരാംരഭിച്ച ഇന്ത്യയ്ക്ക് രോഹിതും യശസ്വി ജയ്സ്വാളും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ മണിക്കൂറില്‍ ഇരുവരും ആക്രമിച്ച് കളിച്ചു. ബൗണ്ടറികളും സിംഗിളുകളുമായി സഖ്യം മുന്നോട്ട് കുതിക്കവെയാണ് ജോ റൂട്ട് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 37 റണ്‍സെടുത്ത ജയ്സ്വാളിനെയാണ് റൂട്ട് മടക്കിയത്.

ജയ്സ്വാള്‍ മടങ്ങിയതിന് പിന്നാലെ രോഹിത് ടെസ്റ്റ് കരിയറിലെ 17-ാം അർധ സെഞ്ചുറി തികച്ചു. എന്നാല്‍ ടോം ഹാർട്ട്ലിയുടെ പന്ത് പ്രതിരോധിച്ച രോഹിത് ബെന്‍ ഫോക്സിന്റെ കൈകളിലൊതുങ്ങി. 81 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 55 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. ഇതോടെ കളിയിലേക്ക് തിരിച്ചുവരാനുള്ള വാതില്‍ ഇംഗ്ലണ്ടിന് മുന്നില്‍ തുറന്നു.

പിന്നാലെയെത്തിയ രജത് പാട്ടിദാർ (0), രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാന്‍ (0) എന്നിവർ അതിവേഗം മടങ്ങി. ഇന്ത്യ 120-5 എന്ന നിലയിലേക്ക് വീണു. പക്ഷേ, ശുഭ്മാന്‍ ഗില്ലിന്റേയും ധ്രൂവ് ജൂറലിന്റേയും ചെറുത്തു നില്‍പ്പ് ഇന്ത്യയ്ക്ക് തുണയായി. ഇരുവരും വേർപിരിയാതെ ആറാം വിക്കറ്റില്‍ 72 റണ്‍സ് ചേർത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*