കുല്‍ദീപിന് മുന്നില്‍ വീണ് പാക്കിസ്ഥാന്‍; ഏഷ്യാ കപ്പില്‍ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ. റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. 27 റണ്‍സെടുത്ത ഫഖര്‍ സമനും 23 റണ്‍സ് വീതമെടുത്ത അഗ സല്‍മാനും ഇഫ്തിഖര്‍ അഹമ്മദും 10 റണ്‍സെടുത്ത ബാബര്‍ അസമും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനെതിരെ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.

എട്ടോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യക്കായി പാക്കിസസ്ഥാനെ കറക്കിയിട്ടത്. ഹാര്‍ദ്ദിക് പാണ്ഡ്യും ഷാര്‍ദ്ദുല്‍ താക്കൂറും ജസ്പ്രീത് ബുമ്രയും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ ഹാരിസ് റൗഫും നസീം ഷായും പാക്കിസ്ഥാനുവേണ്ടി ബാറ്റിംഗിനിറങ്ങിയില്ല. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 356-2, പാക്കിസ്ഥാന്‍ 32 ഓവറില്‍ 128ന് ഓള്‍ ഔട്ട്.

നേരത്തെ റിസര്‍വ് ദിനത്തില്‍ 24.1 ഓവറില്‍ 147-2 എന്ന സ്കോറില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെയും കെ എല്‍ രാഹുലിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിലാണ്  50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സടിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*