കംബോഡിയയിൽ “അപ്‌സരസായി’ ഇന്ത്യൻ അംബാസിഡർ

ഫ്നോം ഫെൻ: തെക്കുകിഴക്കൻ ഏഷ്യയിലെ ചെറിയ മനോഹര രാജ്യമായ കംബോഡിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ ദേവയാനി ഖോബ്രഗഡെ അപ്‌സരസായി വേഷം ധരിച്ച് അവിടത്തെ ജനങ്ങളെ അദ്ഭുതപ്പെടുത്തി. കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനാണ് ദേവയാനി “ഖമര്‍ അപ്‌സരസാ’യി വേഷമിട്ടത്. ആ ചിത്രങ്ങള്‍ കംബോഡിയയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ (ട്വിറ്റർ) പങ്കുവച്ചത് വലിയ തോതിൽ വൈറലായി.

“അംബാസിഡര്‍ ദേവയാനി ഖോബ്രഗഡെ ഖമര്‍ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ്. ഖമര്‍ പുതുവര്‍ഷത്തിന്‍റെ ആത്മാവിനെ ആശ്ലേഷിച്ച് ദേവയാനി അപ്‌സരസിന്‍റെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷകരമായ ഖമര്‍ പുതുവത്സരം ആശംസിക്കുന്നു’ -ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.

കംബോഡിയക്കാർക്ക് ഖമര്‍ അപ്‌സരസ് സ്‌നേഹത്തിന്‍റെയും നൃത്തത്തിന്‍റെയും ദേവതയാണ്. സ്വര്‍ണ നിറത്തിലുള്ള സാരിയും കിരീടവുമാണ് ദേവയാനി ധരിച്ചത്. ഒപ്പം നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. നാമമാത്രമായ രാജാധികാരം മാത്രം നിലനിൽക്കുന്ന ജനാധിപത്യ രാജ്യമായ കംബോഡിയ കാര്യമായ സാമ്പത്തിക പുരോഗതി പ്രാപിച്ചിട്ടില്ല.

1999ൽ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ദേവയാനി 2020 മുതല്‍ കംബോഡിയയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ്. നേരത്തെ ജർമനി, പാക്കിസ്ഥാൻ, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*