ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഇന്ത്യൻ കേണൽ പത്താൻകോട്ട് ഹീറോ; പ്രതികരിക്കാതെ ഇന്ത്യ; അനുശോചിച്ച് യുഎൻ

ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വൈഭവ് അനിൽ കലെ (46) പത്താൻകോട്ടിൽ ഭീകരരെ തുരത്തിയ പോരാളി. ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴുമാസം മുൻപ് ഗാസയിലെ യുഎന്നിന്റെ സുരക്ഷാ സേവന കോർഡിനേറ്ററായി പ്രവർത്തിക്കവെയാണ് വൈഭവ് അനിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.യു എൻ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ആക്രമണമുണ്ടായതെന്നാണ് യുഎന്നിന്റെ വിശദീകരണം.

അതേസമയം മുൻ ഇന്ത്യൻ സൈനികൻ ​ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും ഇന്ത്യ പ്രതികരിക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്. ഗസ്സയിൽ വെച്ച് മുൻ ഇന്ത്യൻ ആർമി കേണലിനെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടും മോദി സർക്കാർ ഒരക്ഷരം മിണ്ടാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂൽ എംപി സാകേത് ഗോഖലെ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രയേൽ നടത്തിയ ഈ ആക്രമണത്തെയും ഒരു ഇന്ത്യൻ സൈനികനെ കൊലപ്പെടുത്തിയതിനെയും മോദി സർക്കാർ അപലപിച്ചില്ല എന്നത് ലജ്ജാകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേണൽ കാലെയെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ശക്തമായ അപലപനം നടത്തഴണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് സാകേത് ഗോഖലെ കത്തയച്ചു.

2000ത്തിൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ വൈഭവ് അനിൽ കലെ 11 ജമ്മു ആൻ്റ് കശ്മീർ റൈഫിൾസിൽ പ്രവേശിക്കുകയായിരുന്നു. 2016ൽ പഞ്ചാബിലെ പത്താൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ തിരിച്ചടിയിൽ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് കലെ. 2009-2010-ൽ കോംഗോയിൽ നിയോഗിച്ച യു.എൻ. സമാധാനസേനയുടെ ഭാഗമായിരുന്നു വൈഭവ് അനിൽ. വൈഭവിൻറെ മൃതദേഹം രണ്ടുദിവസത്തിനുശേഷം പുണെയിലെത്തുമെന്ന് ഭാര്യാസഹോദരൻ വിങ് കമാൻഡർ (റിട്ട.) പ്രശാന്ത് കർഡെ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*