ഈജിപ്തിൽ നടന്ന ലോക ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനം ഇന്ത്യക്കാരന്. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂർ അഹമ്മദ് (26) ആണ് ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്. നേരത്തെ, തുർക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ച്, ഒമ്പത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. മത്സരത്തിൽ രാജ്യത്തെ 1.33 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നുതന്നെയാണെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു. മത്സരത്തിൽ പങ്കെടുത്ത ശേഷം, എല്ലാ സമുദായങ്ങളിലുമുള്ള ആളുകളിൽ നിന്ന് സ്നേഹവും ആശംസകളും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഈജിപ്ഷ്യൻ സർക്കാർ സംഘടിപ്പിച്ച മത്സരത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു മഞ്ജൂർ അഹമ്മദ്. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. ബംഗ്ലാദേശിലെ അൽ-അസ്ഹർ സർവകലാശാലയിൽ നിന്നാണ് ഇദ്ദേഹം ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയത്. അസമിൽ തന്നെ തുടരാനാണ് ആഗ്രഹമന്നും വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള ഇസ്ലാമിക വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment