ഇന്ത്യൻ കറന്‍സി; ചരിത്രം ഇങ്ങനെ

* Nybinn Kunnel Jose

രാജ്യത്തെ കറന്‍സി നോട്ടുകളില്‍  ഗണപതിയുടെയും  ലക്ഷ്മി ദേവിയുടെയും  ചിത്രങ്ങള്‍ അച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  ഉദ്യോഗസ്ഥരോട് ഉത്തരവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍  ബുധനാഴ്ച ആവശ്യപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ലക്ഷ്മി ദേവിയും ഗണപതിയും ഇന്ത്യന്‍ പുരാണങ്ങളിലെ സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളാണെന്ന് കെജ്രിവാള്‍ പറഞ്ഞു. നോട്ടുകളില്‍ ദേവന്റെ ചിത്രമുണ്ടെങ്കില്‍ അത് മംഗളകരമാകുമെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ അവ സഹായിക്കുമെന്നുമായിരുന്നു ഈ ആവശ്യത്തിന് പിന്നിലെ ന്യായവാദം. ഈ വർത്തയോടുകൂടിയാണ് ഇന്നത്തെ തലമുറ ആദ്യകാല നോട്ടുകളിലെ ചിത്രങ്ങളെ പറ്റി ചിന്തിക്കാൻ തുടങ്ങിയത്.

ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം കണ്ടിട്ടുള്ളവരാണ്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതായിരുന്നില്ല സാഹചര്യം. വാസ്തവത്തില്‍, ഗാന്ധി ചിത്രം ആദ്യമായി നോട്ടുകളില്‍ പ്രത്യക്ഷപ്പെട്ടത് 1969-ലാണ്. മഹാത്മാഗാന്ധിയുടെ നൂറാം ജന്മവാര്‍ഷിക ദിനത്തിലാണ് റിസര്‍വ് ബാങ്ക് നോട്ടുകളില്‍ ഗാന്ധി ചിത്രം കൂടി ആലേഖനം ചെയ്യാന്‍ തുടങ്ങിയത്. 1969 നു മുമ്പ്, ക്ഷേത്രങ്ങള്‍, ഉപഗ്രഹങ്ങള്‍, അണക്കെട്ടുകള്‍, ഐക്കണിക് ഗാര്‍ഡനുകള്‍ എന്നിവയൊക്കെയായിരുന്നു ഇന്ത്യന്‍ നോട്ടുകളില്‍ മുദ്രണം ചെയ്തിരുന്നത്.  

1935ലാണ് ആര്‍ബിഐ രൂപീകരിച്ചത്. 1938ലാണ് ആദ്യമായി ഒരു രൂപ നോട്ട് അച്ചടിക്കുന്നത്. കിംഗ് ജോര്‍ജ്ജ് 6-മന്‍ ആയിരുന്നു നോട്ടില്‍ ഉണ്ടായിരുന്നത് . സ്വതന്ത്ര ഇന്ത്യ ആദ്യമായി അച്ചടിച്ച നോട്ട് ഒരു രൂപ നോട്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആര്‍ബിഐ  ആദ്യ നോട്ട് 1949-ല്‍  അച്ചടിച്ചു. ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭമായിരുന്നു ഈ നോട്ടില്‍ ഉണ്ടായിരുന്നത്. 

1950കളിലെ 1,000, 5,000, 10,000 രൂപ നോട്ടുകളില്‍ യഥാക്രമം തഞ്ചൂര്‍ ടെമ്പിള്‍, ഗേറ്റ്വേ ഓഫ് ഇന്ത്യ, ലയണ്‍ ക്യാപിറ്റല്‍, അശോക ചിഹ്നം എന്നിവ ഉണ്ടായിരുന്നു. പാര്‍ലമെന്റിന്റെയും ബ്രഹ്‌മേശ്വര ക്ഷേത്രത്തിന്റെയും ചിത്രങ്ങളും നോട്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ 2 രൂപ നോട്ടില്‍ ആര്യഭടന്റെ ചിത്രങ്ങളും കാണപ്പെട്ടിരുന്നു. കൂടാതെ രണ്ടു രൂപ നോട്ടില്‍ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം, 5 രൂപ നോട്ടില്‍ കാര്‍ഷിക ഉപകരണങ്ങള്‍, 10 രൂപ നോട്ടില്‍ മയില്‍, 20 രൂപ നോട്ടില്‍ രഥചക്രം എന്നിവ പിന്നീട് അച്ചടിച്ചു.

ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996 ലാണ്‌ പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്ത് ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500, 2000 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ്‌ ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ്‌ നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്. 1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസർവ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി.

രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010 ജൂലൈ 15-നാണ്. ദേവനാഗരിയിലെ ‘र’ എന്ന അക്ഷരത്തോട് തിരശ്ചീനമായഒരു രേഖ ചേർന്നതാണ് രൂപയുടെ ചിഹ്നം ‘₹’. 2010-ലാണ് ഈ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. തമിഴ് നാട്ടുകാരനായ ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്. ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യനാണയം 2011 ജൂലൈ 8-ന് പുറത്തിറങ്ങി. 

ഇനി ഏതൊക്കെ ചിത്രങ്ങൾ നമ്മുടെ നോട്ടുകളിൽ പ്രത്യക്ഷപെടുമെന്നു കാത്തിരുന്നു കാണാം.

 

Be the first to comment

Leave a Reply

Your email address will not be published.


*