ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അതേസമയം, രണ്ടാം ടെസ്റ്റിനു ശേഷം ടീമിലേക്കു തിരിച്ചുവരുകയും, പരുക്ക് കാരണം മൂന്നാം ടെസ്റ്റ് നഷ്ടമാകുകയും ചെയ്ത കെ.എൽ. രാഹുൽ നാലാം ടെസ്റ്റിലും കളിക്കില്ലെന്ന് ഉറപ്പായി. കായികക്ഷമത പരിശോധിച്ച ശേഷം മാത്രമായിരിക്കും അഞ്ചാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിലേക്കും രാഹുലിനെ പരിഗണിക്കുക.
മൂന്നു ടെസ്റ്റുകളിലായി എൺപതിലധികം ഓവറുകൾ എറിഞ്ഞ ബുംറയ്ക്ക്, അധ്വാനഭാരം കണക്കിലെടുത്താണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഐപിഎൽ സീസണും ട്വന്‍റി2-0 ലോകകപ്പും വരാനിരിക്കെ ബുംറയുടെ ശാരീരികക്ഷമത പ്രധാനമാണ്. രണ്ടാം ടെസ്റ്റിനു ശേഷം രഞ്ജി ട്രോഫി കളിക്കാൻ ടീമിൽ നിന്നു റിലീസ് ചെയ്ത മുകേഷ് കുമാറിനെ നാലാം ടെസ്റ്റിനുള്ള ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ബംഗാളിനു വേണ്ടി പത്ത് വിക്കറ്റ് പ്രകടനം നടത്തിയതിന്‍റെ ബലത്തിലാണ് മുകേഷിന്‍റെ തിരിച്ചുവരവ്.
റാഞ്ചിയിൽ ഫെബ്രുവരി 23നാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. അവിടെ ഫസ്റ്റ് ചോയ്സ് പേസ് ബൗളർ മുഹമ്മദ് സിറാജ് ആയിരിക്കുമെന്നുറപ്പാണ്. രണ്ടു പേസ് ബൗളർമാരെ ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ മുകേഷ് കുമാറിനോ ആകാശ് ദീപിനോ നറുക്ക് വീഴും. ഇംഗ്ലണ്ട് ലയൺസിനെതിരായയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ എ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറാണ് ആകാശ് ദീപ്. എന്നാൽ, മൂന്ന് ടെസ്റ്റിൽ 17 വിക്കറ്റുമായി ഇന്ത്യൻ ബൗളർമാരിൽ മുന്നിൽ നിൽക്കുന്ന ബുംറയ്ക്കു പകരമാകാൻ ബുദ്ധിമുട്ടായിരിക്കും. രണ്ടാം ടെസ്റ്റിൽ പ്ലെയർ ഓഫ് ദ സീരീസും ബുംറയായിരുന്നു.
Be the first to comment