ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കും

ഡൽഹി: ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കും. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഛേത്രി അവസാനം മാറ്റുരയ്ക്കുന്നത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തെയും വലിയ ഇതിഹാസം പടിയിറങ്ങുന്നത്. കോരിത്തരിപ്പിച്ച, കയ്യടിപ്പിച്ച, ആർത്തുവിളിപ്പിച്ച 19 വര്‍ഷങ്ങള്‍. 

അവസാന അന്താരാഷ്ട്ര മത്സരത്തിനായി ബൂട്ടണിയുമ്പോള്‍ സുനില്‍ ഛേത്രിയുടെ മനസ്സില്‍ മിന്നിമറിയുന്ന വികാരങ്ങള്‍ എന്താക്കെയായിരിക്കും? ആരാധക കണ്ണുകളെല്ലാം ഇന്നാ ഇതിഹാസതാരത്തിന് ചുറ്റുമാണ്. 2005ൽ പാകിസ്താനെതിരെ ബൂട്ട് കെട്ടിയാണ് സുനില്‍ ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടി. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ലിസ്റ്റില്‍ നാലാമനാണ് ഛേത്രി. 

ഇപ്പോഴും കളിക്കളത്തിലുള്ളവരിലുടെ പട്ടികയില്‍ മൂന്നാമൻ. ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിയ്ക്കും തൊട്ടുപിന്നിലാണ് സുനില്‍ ഛേത്രിയുടെ സ്ഥാനം. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റന്‍സി ബാന്‍ഡ് അണിഞ്ഞ കളിക്കാരനും ഛേത്രി തന്നെ. മേയ് 16-നാണ് സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*