ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും; മോദിക്ക് നന്ദി അറിയിച്ച് അനുര കുമാര ദിസനായകെ

ന്യൂഡല്‍ഹി: ശ്രീലങ്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് അനുര കുമാര ദിസനായകെ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും ദിസനായകെ പറഞ്ഞു. എക്‌സിലൂടെയാണ് അനുര കുമാര പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്. അതേസമയം, ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഇന്ന് രാവിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.

‘പ്രധാനമന്ത്രി മോദി, നിങ്ങളുടെ നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും നന്ദി. ഇരും രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ പ്രതിബദ്ധത ഞാന്‍ പങ്കിടുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും പ്രയോജനത്തിനായി സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാം,’ ദിസനായകെ എ്കസില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ അനുര കുമാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ എക്‌സിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം. ശ്രീലങ്ക ഇന്ത്യയുടെ വിദേശനയത്തില്‍ സുപ്രധാനസ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടുപോകാന്‍ ദിസനായകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു.

ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സന്തോഷ് ജായും അനുര കുമാര ദിസനായകെയെ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു. അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണര്‍ സന്തോഷ് ജാ വ്യക്തമാക്കി.

55കാരനായ അനുര കുമാര നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ്. 42.31 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ഇടത് നേതാവ് വിജയം പിടിച്ചത്. ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.

2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് വെറും 3 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കടുത്ത അഴിമതി വിരുദ്ധ നിലപാടു പുലര്‍ത്തുന്ന, സംവിധാനങ്ങളുടെ സുതാര്യത ആവശ്യപ്പെടുന്ന നേതാവെന്ന പ്രതീതിയാണ് ദിസനാകെയ്ക്കുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ദിസനായകെ തന്റെ പ്രസംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ വിഷയങ്ങള്‍ ഇവയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*