വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണിംഗ് സഖ്യം

ചെന്നൈ : വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണിംഗ് സഖ്യം. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഒന്നാംവിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ വനിതകൾ പടുത്തുയർത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏക ടെസ്റ്റ് പരമ്പരയിൽ ഷഫാലി വർമ്മയും സ്മൃതി മന്ദാനയും ഒന്നാം വിക്കറ്റിൽ 292 റൺസ് അടിച്ചുകൂട്ടി. 149 റൺസുമായി സ്മൃതി മന്ദാന പുറത്തായതിന് പിന്നാലെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്.

 വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ബാറ്റർമാർ ചേർന്ന് നേടുന്ന രണ്ടാമത്തെ ഉയർന്ന കൂട്ടുകെട്ടും ഇതാണ്. ഓസ്ട്രേലിയൻ മുൻ താരങ്ങളായിരുന്ന ലിൻഡ്സെ റീലറും ഡെനിസ് ആനെറ്റ്സും മൂന്നാം വിക്കറ്റിൽ നേടിയ 309 റൺസാണ് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. 1987ൽ ഇം​ഗ്ലണ്ട് വനിതകൾക്കെതിരെയാണ് ഓസ്ട്രേലിയൻ വനിതകൾ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

 മത്സരത്തിൽ ഇന്ത്യൻ സ്കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് പിന്നിട്ടു. 150 റൺസുമായി ക്രീസിൽ തുടരുന്ന ഷഫാലി വർമ്മയ്ക്കൊപ്പം ശുഭ സതീഷ് ക്രീസിലെത്തി. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യും ഒരു ടെസ്റ്റും ദക്ഷിണാഫ്രിക്കൻ വനിതകൾ ഇന്ത്യയിൽ കളിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*