ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി പ്രാബല്യത്തിൽ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റം വരുത്തി ഇന്ത്യൻ‌ റെയിൽവേ. മുൻകൂട്ടിയുളള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സമയപരിധിയാണ് റെയിൽവേ പ്രാബല്യത്തിൽ കൊണ്ടുവന്നത്.

ഇനിമുതൽ യാത്രയുടെ 60 ദിവസം മുൻപ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുക. നേരത്തെ 120 ദിവസത്തിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ നിയമമാണ് കേരള പിറവി ദിനത്തിൽ പ്രാബല്യത്തിൽ വന്നത്.

നവംബർ ഒന്നിന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ നിയമം യാത്രയെ ബാധിക്കില്ല. കൂടാതെ വിദേശ വിനോദസഞ്ചാരികൾക്ക് യാത്രാ തീയതിക്ക് 365 ദിവസം മുൻപ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായിരിക്കും.

ഇത് സംബന്ധിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി കഴിഞ്ഞ മാസം പകുതിയോടെ റെയിൽവെ സർക്കുലർ പുറത്തിറക്കിയിരുന്നു. യാത്രക്കാർ റിസർവ് ചെയ്യുകയും ടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്യുന്നതിന്‍റെ കണക്കുകൾ പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് അധികൃതർ വിശദീകരിച്ചു.

യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന യാത്രക്കാർ മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പിന്നീടുള്ള ടിക്കറ്റ് റദ്ദാക്കലുകളും ബുക്ക് ചെയ്തിട്ട് യാത്ര ചെയ്യാതിരിക്കുന്ന പ്രവണതകളും പരമാവധി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരമെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കുന്നു.

കണക്കുകൾ പരിശോധിക്കുമ്പോൾ യാത്രാ തീയ്യതിക്കും 61 മുതൽ 120 ദിവസം വരെ മുമ്പ് എടുക്കുന്ന ടിക്കറ്റുകളിൽ 21 ശതമാനവും പിന്നീട് റദ്ദാക്കപ്പെടുകയാണത്രെ. അഞ്ച് ശതമാനം പേർ ടിക്കറ്റ് റദ്ദാക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നില്ലെന്നും കണ്ടെത്തി. ഇവ രണ്ടും പരിഗണിച്ചാണ് റിസർവേഷൻ കാലപരിധി കുറച്ചതെന്ന് റെയിൽവെ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*