
മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 23 പൈസയുടെ നഷ്ടത്തോടെ 85.73 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതും വരാനിരിക്കുന്ന അമേരിക്കയുടെ പകരച്ചുങ്കം പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
വെള്ളിയാഴ്ച 24 പൈസയുടെ നേട്ടത്തോടെ 85.50ലാണ് രൂപ ക്ലോസ് ചെയ്തത്. വാര്‍ഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ കറന്‍സി വിപണിക്ക് അവധിയായിരുന്നു. തിങ്കളാഴ്ച റംസാന്‍ പ്രമാണിച്ചായിരുന്നു അവധി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ രൂപയുടെ മൂല്യത്തില്‍ രണ്ടു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്.
അതേസമയം ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് ഉയര്‍ന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ജിയോ ഫിനാന്‍ഷ്യല്‍, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ നഷ്ടത്തിലാണ്.
Be the first to comment