ഓഹരി വിപണിയുടെ ആകര്‍ഷണം കുറയുന്നോ?; ഈ വര്‍ഷം ഇതുവരെ വിദേശനിക്ഷപകര്‍ പിന്‍വലിച്ചത് 1.42 ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടരുന്നു. മാര്‍ച്ചില്‍ രണ്ടാഴ്ചയ്ക്കിടെ 30,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. ആഗോള തലത്തിലുള്ള വ്യാപാര സംഘര്‍ഷങ്ങളാണ് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ നിന്ന് 34,574 കോടി രൂപയും ജനുവരിയില്‍ 78,027 കോടി രൂപയുമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുക ഒരു ലക്ഷം കോടി രൂപ കടന്നു. 1.42 ലക്ഷം കോടി രൂപയാണ് ഇതുവരെ പിന്‍വലിച്ചത്.

ആഗോള, ആഭ്യന്തര ഘടകങ്ങളാണ് ദീര്‍ഘകാല വില്‍പ്പന സമ്മര്‍ദ്ദത്തിന് കാരണം. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കീഴിലുള്ള യുഎസ് വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം, താരിഫ് മൂലമുണ്ടാകുന്ന മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യ പോലെ വളര്‍ന്നുവരുന്ന വിപണികളോട് ജാഗ്രത പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കാന്‍ വിദേശനിക്ഷേപകരെ പ്രേരിപ്പിച്ചത് എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

യുഎസ് കടപ്പത്രങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. കൂടാതെ, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും സ്ഥിതിഗതികള്‍ വഷളാക്കിയതായും വിപണി വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. 2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപകരുടെ പങ്കായി 1.71 ലക്ഷം കോടി രൂപ ഒഴുകിയെത്തിയ സ്ഥാനത്താണ് ഈ വലിയ തോതിലുള്ള തിരിച്ചുപോക്ക്. nx

Be the first to comment

Leave a Reply

Your email address will not be published.


*