
മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 548 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. യുഎസ് താരിഫ് ഭീഷണി അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്കിങ്, മെറ്റല്‍, എണ്ണ ഓഹരികളാണ് പ്രധാനമായി വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 750ലധികം പോയിന്റ് ഇടിഞ്ഞ ശേഷമാണ് 548 പോയിന്റ് നഷ്ടത്തോടെ 77,311ല്‍ ക്ലോസ് ചെയ്തത്. നിഫ്റ്റി 178 പോയിന്റാണ് താഴ്ന്നത്. ട്രെന്‍ഡ്, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, സൊമാറ്റോ, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ് കമ്പനികള്‍ നേട്ടം ഉണ്ടാക്കി.
യുഎസ് താരിഫ് ഭീഷണിയാണ് വിപണിയെ സ്വാധീനിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിനെ തുടര്‍ന്ന് നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 45 പൈസയുടെ നഷ്ടം നേരിട്ട് 88ലേക്ക് അടുത്ത രൂപ കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 87.94ലേക്ക് കൂപ്പുകുത്തിയ രൂപ ഇന്നത്തെ വിനിമയത്തിന്റെ അവസാനം 87.50ലേക്ക് തിരിച്ചുകയറി ക്ലോസ് ചെയ്യുകയായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ആകാം രൂപ തിരിച്ചുകയറാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച ഡോളറിനെതിരെ 9 പൈസയുടെ നേട്ടത്തോടെയാണ് 87.50 എന്ന നിലയില്‍ രൂപ ക്ലോസ് ചെയ്തത്. സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താന്‍ ഡൊണള്‍ഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇന്ന് തുടക്കത്തില്‍ രൂപയെ സ്വാധീനിച്ചത്.
Be the first to comment