മന്‍മോഹന്‍ സിങിന് ആദരം; മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ്. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് ടീമംഗങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിക്കുന്നതെന്ന് ബിസിസിഐ എക്‌സില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം, മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 474ന് പുറത്ത് . സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് (140) ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തി.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിലാണ് മന്‍മോഹന്‍ സിങിന്റെ അന്ത്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളര്‍ച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീര്‍ഘദര്‍ശിയാണ് വിടവാങ്ങിയത്.

1932 സെപ്റ്റംബര്‍ 26ന് പഞ്ചാബിലാണ് ഡോ മന്‍മോഹന്‍ സിംഗ് ജനിച്ചത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേംബ്രിഡ്ജ്, ഓക്സ്ഫെഡ് സര്‍വകലാശാലകളില്‍ തുടര്‍പഠനം. 1971-ല്‍ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായാണ് മന്‍മോഹന്‍ സിങ് ഇന്ത്യാ സര്‍ക്കാരിന്റെ ഭാഗമാകുന്നത്. 1972-ല്‍ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1982 മുതല്‍ 85 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പിന്നീട് രണ്ട് വര്‍ഷം ആസൂത്ര കമ്മീഷന്‍ മേധാവിയായും പ്രവര്‍ത്തിച്ചു. 1987-ല്‍ പദ്മവിഭൂഷണ്‍ നല്‍കി ഡോ. മന്‍മോഹന്‍ സിങ്ങിനെ രാജ്യം ആദരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*