ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന കാലം അതിവിദൂരമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുന്ന കാലം അതിവിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യന്‍ റെയിൽവേ ചരിത്രപരമായ പരിവർത്തനത്തിന് വിധേയമായെന്നും മോദി പറഞ്ഞു. ജമ്മു ഡിവിഷന്‍റെ ഉദ്ഘാടനം ഉൾപ്പെടെ വിവിധ റെയിൽ പദ്ധതികൾ വെര്‍ച്വലായി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആളുകൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ കുറച്ച് സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ അതിവേഗ ട്രെയിനുകളുടെ ആവശ്യം വർധിക്കുകയാണ്.

136-ല്‍ അധികം വന്ദേ ഭാരത് ട്രെയിനുകൾ 50ല്‍ അധികം റൂട്ടുകളിൽ ഇപ്പോള്‍ ഓടുന്നുണ്ട്. ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. ഇന്ത്യയിൽ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുന്ന സമയം വിദൂരമല്ലെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ ആരംഭിക്കുകയും പുതുവർഷത്തിൽ കണക്റ്റിവിറ്റിയിൽ ഇന്ത്യ പുതുവേഗം കൈവരിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ‘ന്യൂ-ഏജ് കണക്റ്റിവിറ്റി’ ആരംഭിച്ചെന്നും മോദി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കുക, രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും കണക്റ്റിവിറ്റി വർധിപ്പിക്കുക, തൊഴിലിനെയും വ്യവസായത്തെയും പിന്തുണയ്‌ക്കുക എന്നിവയാണ് റെയിൽ മേഖലയിലെ വികസനത്തിന് വഴികാട്ടുന്ന ആശയങ്ങളെന്ന് മോദി പറഞ്ഞു.

മെട്രോ ശൃംഖലയുടെ വിപുലീകരണത്തിന്‍റെയും റെയിൽവേയിൽ കൊണ്ടുവന്ന മാറ്റങ്ങളുടെയും വിശദാംശങ്ങളും മോദി ചൂണ്ടിക്കാട്ടി. തെലങ്കാന, ഒഡിഷ, ജമ്മു-കശ്‌മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്‌ടാതിഥികളും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*