നദിക്കടിയില്‍ കൂടിയുള്ള രാജ്യത്തെ ആദ്യ മെട്രോ ടണല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ബംഗാളിലെ കൊല്‍ക്കത്തയില്‍ ഹൂഗ്ലി നദിക്ക് അടിയില്‍ക്കൂടിയാണ് മെട്രോ കടന്നുപോകുന്നത്. ഹൗറയിലെ ഫൂല്‍ബഗന്‍ മെട്രോ സ്റ്റേഷനേയും ഹൗറ മൈതാന്‍ മെട്രോ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ പതിനാറ് കിലോമീറ്റര്‍ നീളമുള്ള സ്ട്രെച്ചാണ് ഇത്. ഹൂഗ്ലി നദിയുടെ പടിഞ്ഞാറന്‍ തീരത്തെ ഹൗറയും കിഴക്കന്‍ തീരത്തെ സാള്‍ട്ട് ലേക് സിറ്റിയും തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോ പാതയാണിത്.
#WATCH | India’s first underwater metro rail service in Kolkata set to be inaugurated by PM Modi on 6th March pic.twitter.com/ib5938Vn8x
— ANI (@ANI) March 5, 2024
പുതിയ മെട്രോ പാത വരുന്നതോടെ, ഈ മേഖലയിലെ വന്‍ ഗതാഗത കുരുക്കിന് ആശ്വാസമാകും എന്നാണ് അധികൃതര്‍ കരുതുന്നത്. നദിക്കടിയില്‍ ഒരു മെട്രോ സ്റ്റേഷന്‍ ഉണ്ടാകും. 45 സെക്കന്റ് കൊണ്ട് നദിക്കടിയിലൂടെ 520 മീറ്റര്‍ ദൂരം മെട്രോ ട്രെയിന്‍ സഞ്ചരിക്കും.
രാജ്യത്തെ ആദ്യത്തെയും ഏഷ്യയിലെ അഞ്ചാമത്തേയും മെട്രോ സര്‍വീസ് ആണ് കൊല്‍ക്കത്ത മെട്രോ. 1984 ഒക്ടോബര്‍ 24-നാണ് മെട്രോ ഭാഗികമായി സര്‍വീസ് ആരംഭിച്ചത്. ആദ്യ സര്‍വീസ് തുടങ്ങി 40 വര്‍ഷത്തിന് ശേഷമാണ് മെട്രോയുടെ നദിക്കുള്ളില്‍ കൂടിയുള്ള സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നദിക്കടിയില്‍ക്കൂടി റയില്‍ സര്‍വീസ് നടത്തുന്ന കാര്യം ആലോചനയിലുണ്ടായിരുന്നു. ബംഗാളില്‍ ജനിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ ഹെര്‍ലി ഡാറിംപിള്‍-ഹെയ് ആണ് ആദ്യമായി ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. കൊല്‍ക്കത്തയും ഹൗറയും തമ്മില്‍ ബന്ധിപ്പിക്കുന്ന പത്തു കിലോമീറ്റര്‍ ടണല്‍ ആയിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍, ഫണ്ടിന്റെ അപര്യാപ്തത കാരണം ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല.
Be the first to comment