രണ്ടുവര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്; ജിഡിപി 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍. നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്കാണ് വളര്‍ച്ചാനിരക്ക് കൂപ്പുകുത്തിയത്.

കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഉല്‍പ്പാദന, ഖനന രംഗങ്ങളില്‍ ഉണ്ടായ മോശം പ്രകടനമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണം.

മുന്‍വര്‍ഷം സമാന കാലയളവില്‍ 8.1 ശതമാനം വളര്‍ച്ച ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ താഴ്ച. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6.7 ശതമാനമായിരുന്നു വളര്‍ച്ച. 2022ലെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലാണ് ഇതിന് മുന്‍പ് ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 4.3 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്.

നഗരങ്ങളില്‍ ഉപഭോക്തൃച്ചെലവഴിക്കലുകള്‍ ഇടിഞ്ഞതും മധ്യവര്‍ഗ കുടുംബങ്ങള്‍ നേരിട്ട സാമ്പത്തിക ഞെരുക്കവുമാണ് ജിഡിപി വളര്‍ച്ചയെ ബാധിച്ചതെന്നാണ് വിലയിരുത്തലുകള്‍. ഉപഭോക്തൃ ചെലവ് ഈ വര്‍ഷം ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 7.4 ശതമാനമായിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 6 ശതമാനമായി കുറഞ്ഞു. എന്നാലും ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 4.6 ശതമാനം മാത്രമാണ്.

ഇക്കാലയളവില്‍ കൃഷിയും അനുബന്ധ മേഖലയും നിര്‍മ്മാണ മേഖലയും മെച്ചപ്പെട്ട വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക മേഖലയില്‍ 3.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 1.7 ശതമാനം മാത്രമായിരുന്നു. ഉല്‍പ്പാദന മേഖല ഒരു വര്‍ഷം മുന്‍പത്തെ 14.3 ശതമാനത്തില്‍ നിന്ന് 2.2 ശതമാനമായി താഴ്ന്നതാണ് ജിഡിപിയെ ബാധിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*