റിലയൻസ് ജിയോയ്ക്ക് ഒറ്റ മാസം കൊണ്ട് 41.8 ലക്ഷം വരിക്കാർ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 2024 ജനുവരിയിൽ 41.78 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ നേടിയതായി കണക്കുകൾ. ജനുവരിയിലെ നേട്ടം രാജ്യത്തെ ജിയോ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയർത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് കണക്കുകൾ പുറത്ത് വിട്ടത്. ജനുവരിയിൽ ഭാരതി എയർടെൽ വരിക്കാരുടെ എണ്ണം 7.52 ലക്ഷം വർധിച്ചു.

വോഡഫോൺ ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ട്രായ് ഡാറ്റ പ്രകാരം ജനുവരിയിൽ വോഡഫോൺ ഐഡിയ വരിക്കാരുടെ എണ്ണം 22.15 കോടി ആയിരുന്നു. കേരളത്തിൽ 88000 ത്തിലധികം പുതിയ വരിക്കാരെയാണ് ജിയോ നേടിയത്. അതേസമയം, റിലയന്‍സ് ജിയോ യുപിഐ പേയ്‌മെന്‍റ് വിപണിയിലേക്ക് എത്തുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. പേടിഎം സൗണ്ട് ബോക്സിന് സമാനമായി, റീട്ടെയില്‍ ഔട്ട്‍ലെറ്റുകളിലെ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കലാണ് ജിയോ സൗണ്ട്ബോക്സിൻ്റെ ലക്ഷ്യം.

ഗൂഗിള്‍ പേ, ഫോണ്‍ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ജിയോ സൗണ്ട് ബോക്‌സില്‍ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയന്‍സ്. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട് ബോക്സ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. ജയ്പൂര്‍, ഇന്‍ഡോര്‍, ലഖ്നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയന്‍സ് ഗ്രൂപ്പിൻ്റെ റീട്ടെയില്‍ സ്ഥാപനങ്ങളിലുമൊക്കെ ഈ ഉപകരണം പരീക്ഷിച്ചിരുന്നു.

വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കലാണ് റിലയന്‍സിൻ്റെ ലക്ഷ്യം. നിലവില്‍ രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികള്‍ സൗണ്ട് ബോക്‌സുകള്‍ സ്ഥാപനങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. അതില്‍ കൂടുതലും പേടിഎമ്മിൻ്റെതാണ്. രണ്ടാം സ്ഥാനം ഫോണ്‍ പേയ്ക്കാണ്. രാജ്യത്ത് ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പേടിഎമ്മിൻ്റെ തകര്‍ച്ച റിലയന്‍സിന് തുണയാകുമെന്നാണ് കണക്കുകൂട്ടല്‍. 

Be the first to comment

Leave a Reply

Your email address will not be published.


*