ഇന്ത്യയിലെ ഏക ചൈനീസ് പത്രമായ ‘സിയോങ് പോ’ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. അഞ്ച് പതിറ്റാണ്ടോളം കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രമാണ് നിലച്ചത്. രാജ്യത്ത് അവശേഷിക്കുന്ന ചൈനീസ് സംസ്കാരം കൂടി നാമവാശേഷമാകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
മാൻഡറിൻ ഭാഷയിലുള്ള സിയോങ് പോയുടെ (ഓവർസീസ് ചൈനീസ് കൊമേഴ്‌സ് ഓഫ് ഇന്ത്യ) അച്ചടി ആരംഭിക്കുന്നത് 1969 ലായിരുന്നു. ലീ യുൻ ചിൻ ആണ് സ്ഥാപകൻ. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെ കൊൽക്കത്ത ആസ്ഥാനമായി പത്രം പ്രസിദ്ധീകരണം നടത്തി വരുകയായിരുന്നു. 2020 മാർച്ച് വരെ പ്രസിദ്ധീകരണം നടത്തിയ പത്രത്തിന് തിരിച്ചടിയായത് കോവിഡാണ്.
കുവോ സായ് ചാങ് ആയിരുന്നു 30 വർഷമായി പത്രത്തിന്റെ എഡിറ്റർ. 2020 ജൂലൈയിൽ കുവോ മരിച്ചു. കോവിഡ് പ്രതിസന്ധി മാറിയതിന് പിന്നാലെ പത്രം പുനഃപ്രസിദ്ധീകരിക്കാമെന്ന പ്രതീക്ഷ ഇതോടെ അവസാനിച്ചു.
കോവിഡ് ലോക്ഡൗൺ സമയത്ത് പ്രസിദ്ധീകരണം നിർത്തിവയ്ക്കുമ്പോൾ 2000 ഓളം കോപ്പികൾ മാത്രമായിരുന്നു പത്രം അച്ചടിച്ചിരുന്നു. നാല് പേജുള്ള പത്രത്തിൽ വാർത്ത കണ്ടെത്തിയത് ശ്രമകരമായായിരുന്നു. റിപ്പോർട്ടർമാരുടെ ദൗർലഭ്യം കാരണം ചൈന, തായ്‌വാൻ, ഹോങ്കോങ് എന്നവിടങ്ങളിൽ നിന്നായിരുന്നു വാർത്ത തയ്യാറാക്കിയത്. കൊൽക്കത്തയിൽ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ വരുന്ന വാർത്ത പരിഭാഷപ്പെടുത്തിയായിരുന്നു പ്രസിദ്ധീകരണം.
മാൻഡറിൻ ഭാഷ പ്രാവീണ്യമുള്ള ആളുകളെ ലഭിക്കാത്തതാണ് അച്ചടി നിർത്താൻ കാരണമെന്ന് ചൈനീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ചെൻ യാവോ ഹുവ പറഞ്ഞു. ഓഫീസ് സ്ഥിതി ചെയ്യുന്ന ടാൻഗ്രയിൽ ചൈനീസ് ജനസംഖ്യ കുറഞ്ഞു വരുന്നതായും അദ്ദേഹം പറഞുഞു. പത്രം നിർത്തുന്നത് ഇവിടെയുള്ള ചൈനീസ് സമൂഹത്തിന് വലിയ നഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് സംബന്ധമായ വാർത്തകളിലായിരുന്നു പ്രധാനമായും പത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ കാലങ്ങളിൽ കൈപ്പടയിലായിരുന്നു വാർത്തകൾ എഴുതിയിരുന്നത്. പിന്നീട് ചൈനീസ് ഡിടിപി മെഷീനുകൾ ഉപയോഗിച്ച് പത്രം അച്ചടിക്കാൻ തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ ചൈനീസ് പത്രമായ ദി ചൈനീസ് ജേണൽ ഓഫ് ഇന്ത്യ ആരംഭിച്ച് 34 വർഷങ്ങൾക്ക് ശേഷമാണ് സിയോങ് പോ പ്രസിദ്ധീകരണം തുടങ്ങിയത്.
Be the first to comment