
സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം നടത്തിയ എ പത്മകുമാറിനെതിരായ നടപടി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. ഇന്ന് ചേര്‍ന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പത്മകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
പാര്‍ട്ടിക്കെതിരെ മുന്‍ നിലപാടുകള്‍ എ പത്മകുമാര്‍ തിരുത്തിയതിന് പിന്നാലെയാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്. പ്രതീക്ഷിച്ചത് പോലെ ജില്ലാ കമ്മറ്റിയില്‍ പത്മകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. സംഘടനാപരമായ വിഷയങ്ങള്‍ പരിഗണിക്കേണ്ടത് സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ എന്നും രാജു എബ്രഹാം പറഞ്ഞു. പത്മകുമാര്‍ പൂര്‍ണമായി കമ്മിറ്റിയില്‍ പങ്കെടുത്തുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വീണാ ജോര്‍ജിനെതിരെ എ പത്മകുമാര്‍ ഉയര്‍ത്തിയ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കും. സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. പത്മകുമാര്‍ പാര്‍ട്ടിക്ക് വഴങ്ങിയ സാഹചര്യത്തില്‍ കര്‍ശന അച്ചടക്ക നടപടികളിലേക്ക് കടന്നേക്കില്ല. അതിനിടെ പത്മകുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തകള്‍ കെ സുരേന്ദ്രന്‍ നിഷേധിച്ചു.
Be the first to comment