തീരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്

സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മതിയായ ഫണ്ട്  അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രത്തിന്റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദര്‍ശിക്കെവയായിരുന്നു  മന്ത്രിയുടെ പ്രതികരണം.

കാലവര്‍ഷം തുടങ്ങിയത് മുതല്‍ എടവനക്കാട്ടുകാര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചില മേഖലകളിലുണ്ടായിരുന്ന കടല്‍ഭിത്തി പോലും പരിപാലന കുറവില്‍ നാമാവശേഷമായി. ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി നിലവിലെ അവസ്ഥയ്ക്ക് കേന്ദ്രസര്‍ക്കാരാണ് കാരണക്കാരെന്ന് കുറ്റപ്പെടുത്തി.

ചെല്ലാനം മോഡല്‍ ടെട്രൊപോഡ് ആവശ്യത്തില്‍ സമരപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ആണ് പ്രതിപക്ഷ നേതാവിന് പിന്നാലെ മന്ത്രി പി രാജീവും നാട്ടുകാരെ നേരിട്ട് വന്ന് കേട്ടത്.  തീരമേഖലയ്ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മത്സ്യതൊഴിലാളികളെ തീരത്തു നിന്ന് പറച്ചു നടാനുള്ള ഗൂഡ ഉദ്ദേശം സര്‍ക്കാരിനുണ്ടോ എന്ന് സംശയിക്കുന്നുവെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മുനമ്പം മുതല്‍ വൈപ്പിന്‍ വരെ 25കിലോമീറ്റര്‍ തീരമേഖലയില്‍ എടവനക്കാടാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*