
കൊച്ചി: മദ്യനിര്‍മാണശാല വിവാദത്തില്‍ മാധ്യമങ്ങള്‍ കാര്യം മനസിലാക്കി മുന്നോട്ടുപോകുന്നതാകും ഉചിതമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ മന്ത്രിപോലും അറിയേണ്ട കാര്യം ഇക്കാലത്ത് ഇല്ല. പലതിനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് മറുപടി നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു.
‘ഞങ്ങള്‍ വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചാല്‍ ഞാന്‍ പോലും അറിയണ്ട. ഓണ്‍ലൈനില്‍ സബ്മിറ്റ് ചെയ്താല്‍ 50 കോടി രൂപ വരെയുള്ളതാണെങ്കില്‍ മന്ത്രിയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ അറിയേണ്ടതില്ല. 50കോടിക്ക് മുകളിലുള്ളതാകുമ്പോള്‍ നേരെ ബ്യൂറോയുണ്ട്, അതിനകത്ത് ഒരു സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍ ബോര്‍ഡ് ഉണ്ട്. അങ്ങനെയാണ് അനുമതി നല്‍കുക. ഏതു വകുപ്പുമായാണ് ആലോചിക്കേണ്ടതെന്ന് പറയുന്നവരോട് ചോദിക്കണം. സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ മാത്രം ധനവകുപ്പുമായി ആലോചിച്ചാല്‍ മതി. മന്ത്രിസഭയെന്നാല്‍ എല്ലാ മന്ത്രിമാരും ഇരിക്കുന്നതാണ്- മന്ത്രിപറഞ്ഞു.
വ്യവസായം തുടങ്ങുന്നതിന് ടെന്‍ഡര്‍ വിളിക്കണം എന്ന ന്യായമാണ് എല്ലാവരും ആഘോഷിക്കുന്നത്. ലോകത്ത് എവിടെയെങ്കിലും വ്യവസായം തുടങ്ങുന്നതിന് ടെന്‍ഡര്‍ വിളിക്കാറുണ്ടോ. ഭാവനയ്ക്ക് അനുസരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭാവനയില്‍ നിന്ന് കുതറിമാറി വസ്തുതയിലേക്കും യാഥാര്‍ഥ്യത്തിലേക്ക് മാധ്യമങ്ങള്‍ വരണം എന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്പിരിറ്റ് നിര്‍മ്മാണ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഭൂഗര്‍ഭ ജലവുമായി ബന്ധപ്പെട്ട ആശങ്കയാണ് ഉണ്ടായിരുന്നത്, ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ ആശങ്ക ഒഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മറ്റെന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മൂലമാണ്, എല്ലാവരും ചര്‍ച്ച ചെയ്ത ശേഷമായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Be the first to comment