പകര്‍ച്ചപ്പനി: മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കും; വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ കണ്ട് പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്‌ബ്രേക്ക് ഉണ്ടായാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താല്‍ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിര്‍ത്താന്‍ അനുവദിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉറവിട നശീകരണമുള്‍പ്പെടെയുള്ള ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ചെയ്ത് നടപ്പിലാക്കണം. രോഗം പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളില്‍ എത്രയും വേഗം ഉറവിട നശീകരണം ഉറപ്പാക്കണം.

ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*