പത്തനംതിട്ട: സംസ്ഥാനത്ത് അനധികൃതമായി സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ജീവനക്കാര്‍ അടിയന്തരമായി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ജൂണ്‍ ആറിനകം സര്‍വീസില്‍ തിരികെ പ്രവേശിക്കാത്തവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. പകര്‍ച്ചവ്യാധി പ്രതിരോധവും ഊര്‍ജ്ജിതമായി നടക്കുകയാണ്. ആശുപത്രികളിലെ ഒ പികളില്‍ എത്തുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലെ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിതരായ അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
സര്‍വീസില്‍ പുനപ്രവേശിക്കാന്‍ സന്നദ്ധത അറിയിക്കുന്നവര്‍ ജൂണ്‍ ആറിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഹാജരാകണമെന്നാണ് ഉത്തരവ്. രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ക്കും അച്ചടക്കനടപടികളുടെ തീര്‍പ്പിനും വിധേയമായി അതാത് വകുപ്പ് മേധാവികള്‍ നിയമനം നല്‍കേണ്ടതാണെന്നും ഉത്തരവിലുണ്ട്. നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കണം. ജൂണ്‍ ആറിനകം സര്‍വീസില്‍ തിരികെ പ്രവേശിക്കാത്തവര്‍ സര്‍വ്വീസില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരാണെന്ന നിഗമനത്തില്‍ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികളും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നത് അടക്കമുള്ള കര്‍ശന നടപടികളും സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള വിവിധ വിഭാഗം ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാനും നിര്‍ദ്ദേശമുണ്ട്.
Be the first to comment