അണക്കെട്ടുകളിലെ ഉൾനാടൻ മത്സ്യോത്പാദനം ; ഈ വർഷം നിക്ഷേപിക്കുന്നത് 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ

കോട്ടയം : ജലസംഭരണികളിലെ ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഈവർഷം ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത് 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ. സംസ്ഥാനത്തെ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ അഞ്ചുജില്ലകളിലെ തിരഞ്ഞെടുത്ത 12 അണക്കെട്ടുകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പുരോഗമിക്കുന്നത്.

ഒരുകോടി രൂപയാണ് ഇതിനായി സംസ്ഥാനസർക്കാർ ചെലവഴിക്കുന്നത്. ഇപ്രകാരം മാണിയാർ അണക്കെട്ടിൽ 1.10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളും പമ്പാ റിസർവോയറിൽ രണ്ടുലക്ഷം, പൊന്മുടിയിൽ 2.78 ലക്ഷം, മാട്ടുപ്പെട്ടിയിൽ 3.23 ലക്ഷം, ഇരട്ടയാറിൽ രണ്ടുലക്ഷം, ആനയിറങ്ങലിൽ 4.85 ലക്ഷം, മീങ്കരയിൽ 2.59 ലക്ഷം, പോത്തുണ്ടിയിൽ 3.63 ലക്ഷം, കാഞ്ഞിരപ്പുഴയിൽ 5.12 ലക്ഷം പഴശ്ശിയിൽ 6.48 ലക്ഷം, പെരിങ്ങൽക്കുത്തിൽ 1.31 ലക്ഷം, ഷോളയാറിൽ 4.35 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിക്കുന്നത്.

1973 മെട്രിക് ടൺ മത്സ്യോത്പാദനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.ഇതിൽ പാലക്കാട് ജില്ലയിൽ മീങ്കര അണക്കെട്ടിലെ മത്സ്യനിക്ഷേപം പൂർത്തിയായി. പോത്തുണ്ടിയിൽ രണ്ടുലക്ഷവും കാഞ്ഞിരപ്പുഴയിൽ 1.49 ലക്ഷവും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകഴിഞ്ഞു. അണക്കെട്ടുകൾക്ക് ചുറ്റുമുള്ള പ്രദേശവാസികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച മത്സ്യത്തൊഴിലാളി സംഘങ്ങൾക്കാണ് മത്സ്യബന്ധനത്തിന്റെ ചുമതല.

ഇപ്രകാരം പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുൾപ്പെടെ 5,000 പേരാണ് വിവിധ സംഘങ്ങളിലായിട്ടുള്ളത്.ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ ഇടുന്നത്. കട്ട്‌ല, രോഹു, മൃഗാല എന്നിവയാണ് മത്സ്യയിനങ്ങൾ. പരസ്പരം അക്രമകാരികളല്ലാത്തമത്സ്യങ്ങളാണിത്.ഒമ്പതുമാസമാണ് വളർച്ചാ കാലാവധി. ഈസമയംകൊണ്ട് ഓരോ മത്സ്യവും ഒരു കിലോയിലധികം തൂക്കംവരും. കുട്ടവഞ്ചി, ട്യൂബുകൾ എന്നിവയിൽ സഞ്ചരിച്ച് വലയുപയോഗിച്ചാണ് മത്സ്യബന്ധനം. ആഭ്യന്തരവിപണിയിൽ വിറ്റഴിക്കുന്നതിലൂടെ ലഭ്യമാകുന്ന തുകയുടെ 75 ശതമാനവും തൊഴിലാളികൾക്കാണ്. 25 ശതമാനം സംഘത്തിനും.

Be the first to comment

Leave a Reply

Your email address will not be published.


*