നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു

കൊച്ചി • ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ  ലേക് ഷോർ ഹോസ്‍പിറ്റലിൽ രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചത്.  ഏതാനും ദിവസങ്ങളായി  ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കി. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാളെ രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകും. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം നടക്കും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. 

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ “അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (മഴവിൽക്കാവടി) നേടിയിട്ടുള്ള ഇന്നസന്റ്, തൃശൂർ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയത്. ചലച്ചിത്ര നിർമാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ആലീസ്. മകൻ: സോണറ്റ്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*