
കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ നടപടി. ഇതിനായി എ ഐ യുടെ സഹായത്തോടെ ഉപയോക്താവ് ആരാണെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
കൗമാരക്കാരാണ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് എന്ന് എ ഐ കണ്ടെത്തിയാൽ അത് ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടും, ഇതിലൂടെ കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും. നിലവിൽ പ്രായം നിർണ്ണയിക്കുന്നതിനായുള്ള മെറ്റാ എ.ഐ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ കൂടുതൽ സുരക്ഷ ഉറപ്പുവരുതുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.പുതിയ മാറ്റം വരുന്നതോടെ അക്കൗണ്ട് ഉപയോഗിക്കുന്നവരുടെ പ്രൊഫൈൽ വിവരങ്ങൾ, മറ്റ് അക്കൗണ്ട് ഉടമകളുമായുള്ള സംവാദം , എന്നിവയുടെ അടിസ്ഥാനത്തിൽ പ്രായം കണ്ടെത്താൻ എ ഐ ക്ക് ഇനി കഴിയും.
16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്കായി ഫെബ്രുവരി മുതൽ ഇന്ത്യയിൽ ടീൻ അക്കൗണ്ടുകൾ (TEEN ACCOUNT ) ഇൻസ്റ്റാഗ്രാം തുടങ്ങിയിരുന്നു. കുട്ടികളുടെ അക്കൗണ്ടുകൾ മുഴുവനായും പ്രൈവറ്റ് ചെയ്യുക ,അക്കൗണ്ട് തുടങ്ങുന്നതിനായി മാതാപിതാക്കളുടെ അനുമതി , ഫോളോ ലിസ്റ്റിലുള്ളവരുടെ മാത്രം സന്ദേശങ്ങൾ ലഭ്യമാക്കുക, സെൻസിറ്റീവ് കണ്ടന്റുകൾ ഒഴിവാക്കുക,രാത്രി 10 മുതൽ രാവിലെ 7 വരെ ഈ അക്കൗണ്ടുകൾക്ക് ‘സ്ലീപ്പ് മോഡ്’ ഇനേബിൾ ചെയ്യുക ,നോട്ടിഫിക്കേഷൻസ് നിയന്ത്രിക്കുക തുടങ്ങിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരുന്നു പുതിയ അക്കൗണ്ട് കമ്പനി അവതരിപ്പിച്ചത്. ഇതുവരെ 54 ദശലക്ഷം കൗമാരക്കാർ ടീൻ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന് ഇൻസ്റ്റാഗ്രാം അറിയിച്ചു.13 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്യാൻ സാധിക്കു.
നിലവിൽ യു എസ്സിൽ മാത്രമാണ് എ ഐ ഉപയോഗിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം പ്രവർത്തിക്കുന്നത്.കഴിഞ്ഞ വർഷം 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ഓസ്‌ട്രേലിയ പൂർണമായും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Be the first to comment