മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 31-ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 31-ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

11.45 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.  സ്ഥാനമൊഴിയുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന് ആശംസകളും നേരും.  ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി ദീപം തെളിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.

തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ, മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ, തിയോഡേഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത തുടങ്ങിയവര്‍ സന്ദേശങ്ങള്‍ നല്‍കും.
 പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍ വാസവന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. വത്തിക്കാന്‍ പ്രതിനിധി, യൂറോപ്യന്‍ സഭാപ്രതിനിധികള്‍ ഉള്‍പ്പെടെ അമ്പതില്‍പരം മെത്രാന്മാര്‍, വിവിധ മത സാമുദായിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥാനാരോഹണ ശുശ്രൂഷകളിലും സമ്മേളനത്തിലും അതിഥികളാകും.

Be the first to comment

Leave a Reply

Your email address will not be published.


*