മദ്യപിച്ചിരുന്നതിന്റെ പേരിൽ മാത്രം ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: മദ്യപിച്ചിരുന്നതിന്റെ പേരിൽ മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. അമിതയളവിൽ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെങ്കിൽ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനുള്ള ഉത്തരവിനെതിരേ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഷാജി പി. ചാലിയുടേതാണ് വിധി. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തരാസപരിശോധന റിപ്പോര്‍ട്ടിലും ബൈക്ക് ഓടിച്ചിരുന്നയാളുടെ ശരീരത്തില്‍ നിയമപ്രകാരം അനുവദനീയമായതിനെക്കാള്‍ മദ്യമുള്ളതായി കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുക നിഷേധിച്ചിരുന്നു. എന്നാല്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ഏഴുലക്ഷം രൂപ നല്‍കാന്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയില്‍ പോയത്.

വില്ലേജ് ഓഫീസർ തയ്യാറാക്കിയ ലൊക്കേഷൻ സ്കെച്ചിൽ ബൈക്ക് യാത്രക്കാരൻ തന്റെ വശത്തിലൂടെ തന്നെയാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിരുന്നു. അപകടത്തിൽ, അശ്രദ്ധയോടെ ബസ് ഓടിച്ചതിന് ബസ് ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തുരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*