
ആരോഗ്യ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഇതനുസരിച്ച് ജൂണ്‍ രണ്ടിന് തന്നെ കെജ്‍രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വരും. ജാമ്യത്തിനായി വിചാരണക്കോടതിയ സമീപിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് സ്വാതന്ത്ര്യം നല്‍കിയതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി രജിസ്ട്രി അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് മെയ് 10ന് കെജ്‍രിവാളിന് ജൂണ്‍ രണ്ടിന് കീഴടങ്ങാന്‍ നിര്‍ദേശിച്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്‌റ് ഡയരക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നതിനാല്‍ ഇടക്കാല ജാമ്യം നീട്ടാനുള്ള കെജ്‍രിവാളിന്‌റെ അപേക്ഷയ്ക്ക് പ്രധാന ഹര്‍ജിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അപേക്ഷ നിരസിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്.
ഇന്നലെയും കെജ്‍രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വിധിപ്രസ്താവം മാറ്റിവച്ചിരിക്കുന്ന കേസില്‍ ജാമ്യം നീട്ടാനുള്ള അപേക്ഷ മാറ്റുന്നതായും പട്ടിക ചീഫ് ജസ്റ്റിസ് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പ്രസ്താവിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റിനെതിരെ കെജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മെയ് 17ന് സുപ്രീം കോടതി മാറ്റിവച്ചിരുന്നു.
Be the first to comment