ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; വീണാ ജോര്‍ജ്

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ പ്രധാന സംരക്ഷണ മാര്‍ഗം. അതിനാല്‍ വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുന്‍പ് വീട്ടിനുള്ളില്‍ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.

വേനല്‍ക്കാലമായതിനാല്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെയും ചിക്കന്‍ പോക്‌സ്, മലേറിയ, മറ്റ് പകര്‍ച്ച പനികള്‍ എന്നിവയ്‌ക്കെതിരേയും ജാഗ്രത പാലിക്കണം. വേനല്‍ക്കാലത്ത് ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്. സ്വയംചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*