അഴിമതിക്കെതിരെ പോരാടാം; ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പത് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. 2003-ല്‍ ചേര്‍ന്ന ഐക്യരാഷ്ട്രസംഘടനയുടെ കണ്‍വെന്‍ഷനിലാണ് അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. അഴിമതിയ്ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ ഒമ്പതിനെ തിരഞ്ഞെടുത്തു. അഴിമതി വളരെ ഗൗരവകരമായ ഒരു കുറ്റകൃത്യമാണെന്നും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വലിയ വിപത്താണെന്നും കണ്‍വെഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന അഴിമതിക്കെതിരെ ഒന്നിച്ച് പോരാടാനും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്. ‘അഴിമതിക്കെതിരെ ലോകത്തെ ഒന്നിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിന്റെ പ്രമേയം.

അഴിമതി എന്ന ഈ കുറ്റകൃത്യം കൈകാര്യം ചെയ്യുന്നത് എല്ലാവരുടെയും അവകാശവും ഉത്തരവാദിത്തവുമാണെന്നും, ഓരോ വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും മാത്രമേ ഈ കുറ്റകൃത്യത്തിന്റെ പ്രതികൂല ആഘാതത്തെ മറികടക്കാന്‍ കഴിയൂ എന്ന ആശയമാണ് ഈ ദിവസത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. അഴിമതിക്കെതിരെ ലോകത്തെ ഒന്നിപ്പിക്കുന്നതില്‍ സംസ്ഥാനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, മാധ്യമ പ്രതിനിധികള്‍, സ്വകാര്യ മേഖല, സിവില്‍ സമൂഹം, അക്കാദമിക്, പൊതുജനങ്ങള്‍, യുവജനങ്ങള്‍ എന്നിവര്‍ക്കെല്ലാം പങ്കുണ്ട്.

താഴേ തട്ടില്‍ മുതല്‍ ഭരണകൂടത്തിന്റെ തലപ്പത്ത് വരെ നീളുന്ന അഴിമതിക്കഥകള്‍ നമുക്ക് പുതുമയല്ല. എന്നാല്‍ തെറ്റിനെതിരായ ജാഗ്രതയും ചോദ്യം ചെയ്യപ്പെടാനുള്ള കരുത്തും അഴിമതിയെന്ന വിപത്തിന് വെല്ലുവിളിയായേക്കാം..അത്തരത്തില്‍ ചെറിയ പോരാട്ടങ്ങള്‍ക്ക് തുടക്കമിടണമെന്ന് ഓര്‍മ്മപ്പെടുത്തലാകട്ടെ ഈ ദിനം നല്‍കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*