ദേശീയ ഡോക്ടേഴ്സ് ദിനം; ആ ദിനത്തെ കുറിച്ച്

  • Blessy Thankachan

കുറച്ച് നാൾ ആശുപത്രിയിൽ നിൽക്കേണ്ട സാഹചര്യം വന്നപ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു ഡോക്ടർ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് മനസ്സിലായത്. പലതരത്തിലുള്ള മനുഷ്യരെ അവരുടെ ശരീരത്തിലെയും മനസ്സിലെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ചേർത്തു നിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.  ഓരോ തവണ റൗണ്ട്സിന് വരുമ്പോഴും അവരെ പേരെടുത്ത് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്ന വെള്ളക്കോട്ട് ധരിച്ച മാലാഖമാരെ ഞാനും കണ്ടിട്ടുണ്ട്. ഓരോ ഡോക്ടറും ഓരോ മോട്ടിവേഷൻ സ്പീക്കറും കൂടിയാണെന്ന് ഞാൻ മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അവ. സ്വന്തം കുടുംബത്തേക്കാൾ ഏറെ സ്വന്തം പ്രൊഫഷനെ സ്നേഹിക്കുന്നവരാണിവർ. വീടും നാടും മറന്ന് രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അവരെ, അവരുടെ നിസ്വാർത്ഥമായ സേവനത്തെ, ത്യാഗത്തെ ഓർമിക്കേണ്ട ദിവസമാണ് ഇന്ന്. നാഷണൽ ഡോക്ടർസ് ഡേ. “Celebrating Resilience and Healing Hands.” എന്നതാണ് ഈ വർഷത്തെ ഡോക്ടർടേഴ്സ് ഡേ പ്രമേയം. 

സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ്  ഇന്ത്യയിൽ ജൂലൈ 1 ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത് . ലോകം കോവിഡ് എന്ന മഹാമാരിയുടെ മുന്നിൽ പകച്ചു നിന്നപ്പോൾ സ്വന്തമോ ബന്ധമോ നോക്കാതെ അഹോരാത്രം കഷ്ടപ്പെട്ട്, മറ്റുള്ള ജീവനുകളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്തേണ്ടി വന്ന ഡോക്ടർമാർ നിരവധിയാണ്. ദൈവം കഴിഞ്ഞാൽ ജീവനുമേൽ അധികാരം ഉള്ള, ഹൃദയത്തിൽ ദൈവാംശം ഉള്ളവർ തന്നെയാണിവർ. അതുകൊണ്ടാണ് ‘ജീവന്റെ കാവലാൾ’ എന്ന് നാം അവരെ വിശേഷിപ്പിക്കുന്നത്.

നന്മയും തിന്മയും ഒരുപോലെ നിറഞ്ഞതാണ് ലോകം. അതിനാൽ തന്നെ തെറ്റ് ചെയ്യുന്നവർ ഇവരിലും കാണാം. തെറ്റ് ചെയ്യുന്ന ഏതാനും ചിലരെ മുൻനിർത്തി അവരെ ഒന്നടങ്കം വിമർശിക്കുന്നത് ശരിയല്ലല്ലോ. തെറ്റ് ചെയ്യുക എന്നത് മാനുഷികമാണ്, എന്നാൽ ജീവൻ രക്ഷിക്കുക എന്ന ദൈവീക കർമ്മത്തിൽ പങ്കാളികളാണിവർ. അതിനാൽ തന്നെ ഒരു യഥാർത്ഥ ഡോക്ടർ തീർച്ചയായും രോഗിക്ക് മുൻപിൽ ദൈവത്തിന്റെ അവതാരം തന്നെയാണ്. ജീവനെ രക്ഷിക്കേണ്ട ഡോക്ടർമാരെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.ഇന്നത്തെ സമൂഹത്തിൽ അവർ നേരിടുന്ന വെല്ലുവിളികളും മാനസിക സമ്മർദ്ദങ്ങളും നിരവധിയാണ്.സ്വന്തം ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന വന്ദന എന്ന യുവ ഡോക്ടറെ നാം മറന്നിട്ടുണ്ടാവില്ല.സ്വന്തം കടമ നിർവഹിക്കുക മാത്രമാണ് അവൾ ചെയ്തത്. അതിനിടയിൽ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും താൻ ശുശ്രൂഷിക്കുന്ന വ്യക്തിയാൽ തന്നെ തീരുമെന്ന് അവൾ ഓർത്തിട്ടുണ്ടാകില്ല.

ദൈവം നൽകുന്ന ജീവനെ ഇല്ലാതാക്കുക എന്നത് പാപമാണ്. ആ ജീവൻ രക്ഷിക്കുന്നവരെ ഇല്ലാതാക്കുക എന്നത് അതിലും വലിയ പാപമാണ്. അതിനാൽ അവർക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുക എന്നത് നമ്മുടെ ആവശ്യമാണ്. അത് തന്നെ ആയിരിക്കട്ടെ ഈ ഡോക്ടർസ് ഡേയിൽ നമ്മുടെ തീരുമാനവും. ജീവന്റെ കാവലാളുകൾക്ക്  നന്ദി.

Be the first to comment

Leave a Reply

Your email address will not be published.


*