54 ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.ഐ) തിങ്കളാഴ്ച ഗോവയില്‍ തുടക്കമാകും. 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഹോളിവുഡിലെ ഇതിഹാസ നടനും നിര്‍മ്മാതാവുമായ മൈക്കല്‍ ഡഗ്ലസ് ഏറ്റുവാങ്ങും. 50 വര്‍ഷത്തിലേറെയായി സിനിമാരംഗത്തുള്ള മൈക്കല്‍ ഡഗ്ലസ് രണ്ട് അക്കാദമി അവാർഡും അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ച വെബ് സീരീസുകള്‍ക്കും ഇത്തവണ മേളയില്‍ പ്രത്യേക വിഭാഗത്തില്‍ മത്സരിക്കാം. മികച്ച വെബ് സീരിസിന് പത്തുലക്ഷം രൂപയുടെ പുരസ്‌കാരം ലഭിക്കും.
മേളയില്‍ 13 ലോകപ്രീമിയറുകള്‍ ഉള്‍പ്പെടെ 198 സിനിമകള്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സ്റ്റുവര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമായ ‘കാച്ചിംഗ് ഡസ്റ്റ്’ ഉദ്ഘാടന ചിത്രമാകും. റോബര്‍ട്ട് കൊളോഡ്‌നി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമായ ‘ദ ഫെതര്‍വെയ്റ്റ്’ സമാപന ചിത്രമാകും. സിനിമാ പ്രദര്‍ശനങ്ങള്‍ക്കു പുറമേ പ്രമുഖ സിനിമാ നിര്‍മ്മാതാക്കള്‍, ഛായാഗ്രാഹകര്‍, അഭിനേതാക്കള്‍ എന്നിവരുമായി 20 ലധികം മാസ്റ്റര്‍ ക്ലാസ് സെഷനുകളും മേളയുടെ ഭാഗമായി ഉണ്ടാകും.
ഇന്‍ഡ്യന്‍ പനോരമയുടെ ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിംഗ് ഫിലിം മലയാളം സിനിമയായ ‘ആട്ടം’ ആണ്. ആനന്ദ് ഏകര്‍ഷിയാണ് ആട്ടത്തിന്റെ സംവിധായകന്‍. ഇന്‍ഡ്യന്‍ പനോരമയില്‍ 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ ഫിലിമുകളും ഉണ്ടാകും. മികച്ച വെബ് സീരീസിന് 15 ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള 32 സീരീസുകള്‍ മത്സരിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മൂന്ന് ഇന്‍ഡ്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 15 സിനിമകള്‍ മാറ്റുരയ്ക്കും. റിഷബ് ഷെട്ടിയുടെ കാന്താര (കന്നഡ), സുധാന്‍ശു സരിയയുടെ സനാ (ഹിന്ദി), മൃദുല്‍ ഗുപ്തയുടെ മിര്‍ബീന്‍ (കബ്രി) എന്നിവയാണ് മത്സര വിഭാഗത്തിലുള്ള ഇന്‍ഡ്യന്‍ ചിത്രങ്ങള്‍. 40 ലക്ഷം രുപയാണ് സുവര്‍ണ മയൂര പുരസ്‌കാരം. മികച്ച ഫീച്ചര്‍ ഫിലിം നവാഗത സംവിധായകന് 10 ലക്ഷം രൂപയുടെ പുരസ്‌കാരം ലഭിക്കും.
ഇന്ത്യന്‍ ചലച്ചിത്രകാരനും നടനുമായ ശേഖര്‍ കപൂര്‍, സ്പാനിഷ് ഛായാഗ്രാഹകന്‍ ജോസ് ലൂയിസ് അല്‍കെയ്ന്‍, മാര്‍ച്ചെ ഡു കാനിന്റെ മുന്‍ മേധാവി ജെറോം പൈലാര്‍ഡ്, ഫ്രാന്‍സില്‍ നിന്നുള്ള ചലച്ചിത്ര നിര്‍മ്മാതാവ് കാതറിന്‍ ഡസാര്‍ട്ട്, ഹെലന്‍ എന്നിവര്‍ മത്സര വിഭാഗത്തിലെ ജൂറി പാനലില്‍ ഉള്‍പ്പെടുന്നു.
മാസ്റ്റര്‍ ക്ലാസ്, ഇന്‍ കണ്‍വര്‍സേഷന്‍ എന്നീ സെഷനുകളില്‍ മൈക്കല്‍ ഡഗ്ലസ്, ബ്രണ്ടന്‍ ഗാല്‍വിന്‍, ബ്രില്ലന്റെ മെന്‍ഡോസ, സണ്ണി ഡിയോള്‍, റാണി മുഖര്‍ജി, വിദ്യബാലന്‍, ജോണ്‍ ഗോള്‍ഡ്വാട്ടര്‍, വിജയ് സേതുപതി, സാറാ അലി ഖാന്‍, പങ്കജ് ത്രിപാഠി, നവാസുദ്ദീന്‍ സിദ്ധിഖി, കെയ്കെ മേനോന്‍, കരണ്‍ ജോഹര്‍, മധുര് ഭണ്ഡാര്‍ക്കര്‍, മനോജ് ബാജ്പേയി, കാര്‍ത്തികി ഗോണ്‍സാല്‍വസ്, ബോണികപൂര്‍, അല്ലു അരവിന്ദ്, തിയോഡോര്‍ ഗ്ലക്ക്, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.
Be the first to comment