2036ലെ ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ റെഡി; അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കത്ത് കൈമാറി

ന്യൂഡല്‍ഹി: 2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് ഇന്ത്യ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറി. ഒക്ടോബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയതെന്ന് കായിക മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. പാരാലിംപിക്‌സും നടത്താന്‍ തയ്യാറാണെന്നും ഇന്ത്യ ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറിയ കത്തില്‍ പറയുന്നു.

‘ഈ മഹത്തായ അവസരം രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക വളര്‍ച്ചയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വഴിവെക്കു’മെന്നും കായികമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം അഭിപ്രായപ്പെട്ടത്.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ആണ് ഇന്ത്യയില്‍ അവസാനമായി നടന്ന അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഇവന്റ്. അഹമ്മദാബാദ് കേന്ദ്രമാക്കി ഗെയിംസ് സംഘടിപ്പിക്കാനാണ് പദ്ധതി. അതോടൊപ്പം മത്സര ഇനത്തില്‍ തദ്ദേശീയ കളികളായ യോഗാ, കബഡി, ഖൊ ഖൊ തുടങ്ങിയവയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും കായികവൃത്തങ്ങള്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*