അന്താരാഷ്ട്ര വനിതാ ദിനം; കൊച്ചി മെട്രോയിൽ സ്ത്രീകള്‍ക്ക് 20 രൂപയ്ക്കു അൺലിമിറ്റഡ് യാത്ര

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക സമ്മാനം. നാളെ എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

ഇതിനു പുറമേ  കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാംപുകളും കൊച്ചി മെട്രോ ഒരുക്കുന്നു. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക. ഈ വെൻഡിംഗ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചക്ക് 12.15ന് കെഎംആർഎൽ എംഡി ശ്രീ. ലോക്നാഥ് ബെഹ്റ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്യും. നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കംപ്യൂട്ടറിന്റെ സി.പി.യു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിൾ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാർത്ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്.

 കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആർഎൽ എംഡി ശ്രീ. ലോക്നാഥ് ബെഹ്റ ഉച്ച്ക്ക് 12 മണിക്ക് കലൂർ മെട്രോ സ്റ്റേഷനിൽ വച്ച് ആദരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*