ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമായി വ്യാഖ്യാനിക്കുന്നു; നിശബ്ദരാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമായി വ്യാഖ്യാനിക്കുന്നുവെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ സ്വമേധയാ കേസെടുത്തിനാല്‍ കോടതിയും ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാവുകയാണെന്നും ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

‘ബന്ധപ്പെട്ടവര്‍ ക്യത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തുമ്പോള്‍ മാത്രമാണ് കോടതി ഇടപെടുന്നത്. മൈക്രോ മാനേജ്‌മെന്റ് ചെയ്യാനല്ല ഞങ്ങള്‍ ഇവിടെ വന്നത്. ചെയ്യേണ്ട പണിയില്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് ഇടപെടുന്നത്. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് നമ്മുടേത്. അത് നിലനിര്‍ത്തേണ്ടതുണ്ട്. ബോട്ടുകളില്‍ അമിതമായി ആളുകളെ കയറ്റുന്നതാണ് പ്രശ്‌നം. ഗുരുത്വാകര്‍ഷണ കേന്ദ്രം എന്താണെന്ന് ഈ കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അറിയാമോ? ഒരു കുടുംബത്തിന് 11 പേര്‍ നഷ്ടപ്പെട്ടതായി അറിഞ്ഞു. ഭരണഘടനയോടും ജനങ്ങളോടും ഞങ്ങള്‍ക്ക് ധാര്‍മ്മികതയുണ്ട്.’ എന്നും കോടതി പറഞ്ഞു.

ഒരു സാധാരണ പൗരനെന്ന നിലയില്‍, ഇനിയൊരു ബോട്ടം ദുരന്തം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാവുമെന്ന് അറിയിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. കേരളത്തില്‍ ആകെ എത്ര ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് ചോദിച്ച കോടതി, ഇവയെല്ലാം പരിശോധിക്കാന്‍ സമയമെടുത്തേക്കാം. അത് നടക്കട്ടെ. എന്നാല്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റി സര്‍വ്വീസ് നടത്തരുതെന്ന കൃത്യമായ നിര്‍ദേശം നല്‍കണമെന്ന് നിര്‍ദേശിച്ചു. ഈ ബോട്ടുകള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് ഉണ്ടോ. അത് നിര്‍ബന്ധമല്ലേയെന്നും കോടതി ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*