ഇനി സെര്‍ച്ച് ജിപിടിയും ; പുതിയ സംരംഭം അവതരിപ്പിച്ച് ഓപ്പണ്‍ എഐ

നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ)യുടെ സെര്‍ച്ച് എഞ്ചിനായ സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രാരംഭ രൂപമെന്ന നിലയില്‍ പരിമിതമായി സെര്‍ച്ച് ജിപിടി ലഭ്യമാകുമെന്നും പിന്നീട് ചാറ്റ് ജിപിടിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നുവെന്നും ഓപ്പണ്‍ എഐ അറിയിച്ചു.

”പ്രസാധകരുമായി ബന്ധപ്പെടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് സെര്‍ച്ച് ജിപിടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉത്തരങ്ങള്‍ക്ക് വ്യക്തമായ കടപ്പാടും ലിങ്കുകളും നല്‍കുന്നതിനാല്‍ തന്നെ വിവരങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും,” ഓപ്പണ്‍ എഐ പുറത്തിറക്കിയ ബ്ലോഗില്‍ വ്യക്തമാക്കി.

ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ചാറ്റ് ജിപിടിയുടെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്നതിലൂടെ ചെലവ് വര്‍ധിക്കുന്നതിനാല്‍ ഓപ്പണ്‍ എഐയുടെ പരിശീലനവും അനുമാന ചെലവും ഈ വര്‍ഷം 700 കോടി ഡോളറിലെത്തുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സെര്‍ച്ച് ജിപിടിയുടെ ലോഞ്ചിങ് നടത്തിയിരിക്കുന്നത്.

സെര്‍ച്ച് എഞ്ചിന്‍ തുറക്കുമ്പോള്‍ തന്നെ നിങ്ങള്‍ എന്താണ് തിരയുന്നതെന്ന ചോദ്യമുള്ള വലിയ ടെക്‌സ്റ്റ് ബോക്‌സ് കാണാന്‍ സാധിക്കും. ജിപിടി-4 മോഡലുകളാണ് സെര്‍ച്ച് ജിപിടി അവതരിപ്പിക്കുന്നത്. മാത്രവുമല്ല, ലോഞ്ചിന്റെ സമയത്ത് 10,000 ഉപയോക്താക്കള്‍ക്ക് മാത്രമേ സെര്‍ച്ച് ജിപിടി ലഭ്യമാകുകയുള്ളു. തുടക്ക സമയത്ത് സെര്‍ച്ച് ജിപിടി സൗജന്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*