സിദ്ധാര്‍ത്ഥന്റെ മരണം: കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റി, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറി

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്റിറിനറി കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. വിഷയത്തില്‍ മുന്‍ ഡീന്‍ എംകെ നാരായണന്‍, മുന്‍ അസി. വാഡന്‍ പ്രൊഫസര്‍ കാന്തനാഥന്‍ എന്നിവര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറി.

വിഷയത്തില്‍ ഡീന്‍ എംകെ നാരായണന്‍ കൃത്യമായി ഇടപെട്ടില്ല. അസി. വാഡന്‍ ഹോസ്റ്റലില്‍ ഒന്നും ശ്രദ്ധിച്ചില്ല. വിദ്യാര്‍ത്ഥികളുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷന്‍ വിമര്‍ശനം. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടതെന്നാണ് പരാതി.

സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂര മര്‍ദനത്തിനും ഇരയായത് പൂക്കോട് ക്യാമ്പസില്‍ വച്ചാണ്. സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് കോളജ് ഡീനും ഹോസ്റ്റല്‍ ചുമതലയുള്ള അസി. വാഡനും വീഴ്ച പറ്റിയെന്ന് കാട്ടി സര്‍വകലാശാല ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിഷയത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാനാണ് വൈസ് ചാന്‍സലറായിരുന്ന പിസി ശശീന്ദ്രന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ വച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം.

 

Be the first to comment

Leave a Reply

Your email address will not be published.


*