പരാതിയിന്മേലുള്ള അന്വേഷണം കൃത്യമല്ല ; തനിക്ക് നല്‍കിയ ഉറപ്പ് പാര്‍ട്ടി ലംഘിച്ചെന്ന് പി വി അന്‍വര്‍

മലപ്പുറം : താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി അഭ്യര്‍ത്ഥ മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി ഓഫീസിലെ മരംമുറി ഉള്‍പ്പെടെ താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. 

മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, എഡിജിപി എം ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെയായിരുന്നു പി വി അന്‍വറിന്റെ ആരോപണം. മലപ്പുറത്തെ സ്വര്‍ണം പൊട്ടക്കല്‍ പോലീസിന്റെ അറിവോടെയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അതിന് ചുക്കാന്‍ പിടിക്കുന്നത് സുജിത് ദാസാണെന്നും അന്‍വര്‍ ആരോപിച്ചു. 

എഡിജിപി അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ആഭ്യന്ത വകുപ്പ് ഭരിക്കുന്നതെന്നായിരുന്നു അന്‍വറിന്റെ മറ്റൊരു ഗുരുതര ആരോപണം. വാര്‍ത്താസമ്മേളനം തുടര്‍ച്ചയായി വിളിച്ചായിരുന്നു അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അന്‍വറിനെ തള്ളി രംഗത്തെത്തി. 

അന്‍വറിന്റേത് ഇടത് രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത ദിവസം അന്‍വറിനെതിരെ സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് അന്‍വര്‍ രംഗത്തെത്തിയത്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്ന് ഫേസ്ബുക്ക് കുറിപ്പിട്ട് അന്‍വര്‍ മാധ്യമങ്ങളെ കാണുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*